പന്നിയോട് ഗുസ്തി പിടിച്ചാൽ സ്വയം നാറും, പന്നിക്ക് പക്ഷേ അതിഷ്ടപ്പെടും; പരിഹാസ ട്വീറ്റുമായി ശശി തരൂർ

മോദി സ്തുതി വിഷയത്തിൽ കെ.മുരളീധരൻ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ ട്വിറ്ററിൽ പരിഹാസം നിറഞ്ഞ ട്വീറ്റുമായി ശശി തരൂർ എം.പി.  പന്നിയോട് ഗുസ്തി പിടിക്കാൻ പോയാൽ സ്വയം നാറുമെന്ന ബർണാഡ് ഷായുടെ വാക്യം ഉദ്ധരിച്ചു കൊണ്ടാണ് തരൂരിന്റെ ട്വീറ്റ്. ‘പന്നിയോട് ഗുസ്തി പിടിക്കരുതെന്ന് ഏറെ കാലങ്ങൾക്ക് മുന്നേ ഞാൻ പഠിച്ചിട്ടുണ്ട്. ഗുസ്തി പിടിക്കുന്നവൻ സ്വയം നാറും.  പന്നിയാകട്ടെ അതിഷ്ടപ്പെടുകയും ചെയ്യും- ബർണാഡ് ഷാ ‘ എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്.

Read Also; ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

മോദി സ്തുതിയിൽ ശശി തരൂരിന്റെ വിശദീകരണത്തോടെ വിവാദം അവസാനിച്ചെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നെങ്കിലും ഇന്ന് വീണ്ടും വിമർശനവുമായി കെ.മുരളീധരൻ രംഗത്തെത്തിയിരുന്നു. മോദിയെ വിമർശിക്കാൻ ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് വേണ്ടെന്നും കോൺഗ്രസുകാർ മോദിയെ സ്തുതിക്കുന്നത് അംഗീകരിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസിന്റെ ഉറച്ച മണ്ഡലത്തിലാണ് തരൂർ ജയിച്ചത്. താനാകട്ടെ സിപിഐഎമ്മിന്റെ ഉറച്ച മണ്ഡലത്തിലും. വട്ടിയൂർക്കാവിൽ ശശി തരൂർ പ്രചാരണത്തിനിറങ്ങിയില്ലെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ശശി തരൂർ ട്വീറ്റുമായി രംഗത്തെത്തിയിരിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top