ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മോദി സ്തുതിയില്‍ ശശി തരൂരിനെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍കുന്നതായും കെ മുരളീധരന്‍ എംപി പറഞ്ഞു. മോദിയെ നിശിതമായി വിമര്‍ശിക്കാന്‍ തനിക്ക് ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് ആവശ്യമില്ല. കോണ്‍ഗ്രസുകാര്‍ മോദിയെ സ്തുതിക്കുന്നത് അംഗീകരിക്കില്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
മോദി സ്തുതിയില്‍ ശശി തരൂരിന്റെ വിശദീകരണത്തോടെ വിവാദം അവസാനിച്ചെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ശശി തരൂരും സമാന പ്രതികരണം നടത്തി. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് തരൂരിനെ വിമര്‍ശിച്ച കെ മുരളീധരന്‍ വ്യക്തമാക്കിയത്.
തരൂരിനെ കൂടുതല്‍ വിമര്‍ശിക്കാനും മുരളീധരന്‍ തയ്യാറായി. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലത്തിലാണ് തരൂര്‍ ജയിച്ചത്. താനാകട്ടെ സിപിഎമ്മിന്റെ ഉറച്ച മണ്ഡലത്തിലും. വട്ടിയൂര്‍ക്കാവില്‍ ശശി തരൂര്‍ പ്രചരണത്തിനിറങ്ങിയില്ലെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here