അൻസു ഫാത്തി ഗോളടിച്ചു; ബോയൻ കിർകിച്ചിന്റെ റെക്കോർഡ് പഴങ്കഥ

ബാഴ്‌സലോണയുടെ ചരിത്രത്തില്‍ ക്ലബിനായി ഗോളടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കാര്‍ഡ് അന്‍സു ഫാത്തിയെന്ന പതിനാറുകാരന് സ്വന്തം. കഴിഞ്ഞ ദിവസം ഒസാസുനയ്‌ക്കെതിരേ നടന്ന മത്സരത്തിലാണ് ഫാത്തി ചരിത്രം തിരുത്തിയത്. 17ആം വയസ്സിൽ ഗോൾ നേടിയ ബോയൻ കിർകിച്ചിനെയാണ് അൻസു മറികടന്നത്. റെക്കോർഡ് ബുക്കിൽ ഇടം നേടിയെങ്കിലും മത്സരം 2-2 എന്ന സ്കോറിന് സമനിലയില്‍ പിരിഞ്ഞു. ലയണല്‍ മെസി, ലൂയിസ് സുവാരസ്, ഒസ്മാൻ ഡെംബലെ എന്നിവരൊന്നും ഇല്ലാതെയായിരുന്നു ബാഴ്സ കളത്തിലിറങ്ങിയത്.
രണ്ടാം പകുതിയിൽ സെൽസൺ സമേഡോയുടെ പകരക്കാരനായി ഇറങ്ങിയ ഫാത്തി അഞ്ച് മിനിട്ടിനുള്ളിൽ ലക്ഷ്യം കണ്ടു. 51ആം മിനിട്ടിലായിരുന്നു ഫാത്തിയുടെ ഗോൾ. കാൾസ് പെരസിൻ്റെ അസിസ്റ്റിൽ തലവെച്ചായിരുന്നു റെക്കോർഡിലേക്കുള്ള 16കാരൻ്റെ ഷൂട്ട്.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ഒസാസുന മുന്നിലെത്തിയിരുന്നു. റോബര്‍ട്ടൊ ടോറസിൻ്റെ ഗോളിൽ മുന്നിലെത്തിയ ഒസാസുന ആദ്യ പകുതിയിൽ 1-0ന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ഫാത്തിയിലൂടെ ബാഴ്സ സമനില പിടിച്ചു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ആര്‍തര്‍ മെലോയുടെ ഗോളിലൂടെ ബാഴ്‌സ ലീഡെടുത്തു. എന്നാല്‍ 81മത്തെ മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ടോറസ് ഒസാസുനയെ ഒപ്പമെത്തിക്കുകയായിരുന്നു.
ലീഗിലെ മൂന്നു മത്സരങ്ങൾ അവസാനിച്ചപ്പോൾ ഒരോ ജയവും തോൽവിയും സമനിലയുമാണ് ബാഴ്സയ്ക്കുള്ളത്. മെസി, ഡെംബലെ, സുവാരസ് എന്നിവർക്ക് പരിക്കേറ്റതാണ് ബാഴ്സയ്ക്ക് തിരിച്ചടിയായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here