രാജനഗരി ഒരുങ്ങി; തൃപ്പൂണിത്തുറ അത്തഘോഷ യാത്ര നാളെ

ചരിത്രപ്പെരുമയുടെ സ്മരണകൾ ഉണർത്തി തൃപ്പൂണിത്തുറ അത്തഘോഷയാത്ര നാളെ നടക്കും. പ്രളയത്തെ തുടർന്ന് വഴിഞ്ഞ വർഷം നടക്കാതെ പോയ ആചാരപരമായ ഘോഷയാത്ര ഇക്കുറി വർണാഭമായ രീതിയിൽ നടത്താനാണ് നഗരസഭ കൗൺസിലിന്റെ തീരുമാനം.

ഇന്ന് വൈകിട്ട് ഹിൽപാലസിൽ നിന്നും അത്തപ്പതാക ഘോഷയാത്ര അത്തം നഗറായ തൃപ്പൂണിത്തറ ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ എത്തിച്ചേരും. വൈകിട്ട് ഏഴിന് തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ കഥകളി പ്രഹ്‌ളാദ ചരിത്രം നടക്കും.

നാളെ രാവിലെ 10.30ന് ആരംഭിക്കുന്ന അത്തഘോഷയാത്ര ഗവ. ബോയ്‌സ് സ്‌കൂൾ മൈതാനിയിൽ മന്ത്രി എകെ ബാലൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എം സ്വരാജ് എംഎൽഎ അധ്യക്ഷത വഹിക്കും.

തുടർന്ന് നിശ്ചല ദൃശ്യങ്ങളടങ്ങിയ വർണാഭമായ അത്തം ഘോഷയാത്ര സിയോൺ ഓഡിറ്റോറിയത്തിൽ എത്തുന്നതോടെ ഘോഷയാത്ര സമാപിക്കും. തുടർന്ന് സിയോൺ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരവും വൈകിട്ട് മൂന്നു മുതൽ പൂക്കള പ്രദർശനവും നടക്കും. വൈകിട്ട് ആറിന് ലയം കൂത്തമ്പലത്തിൽ കലാസന്ധ്യ ഉദ്ഘാടനം എംഎൽഎ എം സ്വരാജ് നിർവഹിക്കും. കലാസന്ധ്യയിൽ കലാപ്രദിഭകളെ ആദരിക്കൽ, ആദർശ് സ്‌കൂൾ കുട്ടികളുടെ ഡാൻസ്, സ്‌കിറ്റ്, പാട്ട്, മാജിക് ഷോ എന്നിവ നടക്കും.

മൂന്നാം തീയതി വൈകിട്ട് ഏഴിന് തിരുവന്തപുരം സൗപർണികയുടെ നാടക ഇതിഹാസം, നാലാം തീയതി വൈകിട്ട് 5.30ന് തൃശൂർ നൃത്തകലാഞ്ജലിയുടെ രാധാമാധവം, രാത്രി എട്ടിന് സൂരജ് ജയദേവൻ അവതരിപ്പിക്കുന്ന നാടൻപാട്ട്, കോമഡി, കരോക്കെ ഗാനമേള എന്നിവയും , അഞ്ചാം തീയതി വൈകിട്ട് 5.30ന് ധന്യ രഞ്ജിത്തിന്റെ മോഹിനിയാട്ടം, ഏഴിന് തോൽപ്പാവക്കൂത്ത്, ആറിന് ശ്രുതിലയ മ്യൂസിക് ക്ലബിന്റെ ഗാനമേള, ഏഴിന് വൈകിട്ട് 5.30ന് നിരഞ്ജിനി നൃത്ത വിദ്യാലയത്തിന്റെ രാമായണം കേരള നടനം, രാത്രി എട്ടിന് കൊല്ലം അനശ്വരയുടെ നാടകം, എട്ടാം തീയതി സമ്മാനദാനം, കൃഷ്ണദാസിന്റെ ഇടയ്ക്ക നാദ ലയം, എന്നിവയും അവസാന ദിവസം അത്തപ്പതാക തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷയിൽ നിന്നും തൃക്കാക്കര നഗരസഭ ചെയർമാൻ ഏറ്റുവാങ്ങുന്നതോടെ അത്തഘോഷയാത്ര പരിപാടികൾ അവസാനിക്കും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top