പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ്; ടി ഒ സൂരജടക്കം 4 പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജടക്കം 4 പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. അഞ്ചാം തീയതി വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.
ടി.ഒ സൂരജിന് പുറമെ പാലം നിർമിച്ച ആർഡിഎസ് കമ്പനി ഉടമ സുമിത് ഗോയൽ, കിറ്റ്‌കോ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ ഉദ്യോഗസ്ഥൻ എം ടി തങ്കച്ചൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അഴിമതി, ഗൂഡാലോചന,ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കണ്ടെത്തിയിരിക്കുന്നത്.
Read Also : പാലാരിവട്ടം മേൽപാല അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും
കസ്റ്റഡിയിൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്നാണ് വിജിലൻസ് നിലപാട്. നിർമാണക്കരാർ നൽകിയതുമുതൽ അഴിമതി നടന്നെന്നാണ് വിജിലൻസ് കണ്ടെത്തൽ. കരാറുകാരനെ ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചതിന്റെ തെളിവുകൾ വിജിലൻസ് ശേഖരി്ച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് വിജിലൻസ് കണക്കുകൂട്ടൽ.
ക്രമക്കേടിൽ പങ്കാളികളായ മറ്റ് പതിനേഴ് പേരുടെ പങ്ക് സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. അതേസമയം പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങൾ വിജയം കാണുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഐഐടി നടത്തിയ പരിശോധനയിൽ പാലത്തിന്റെ വിള്ളലുകൾ വികസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here