കമലയോടൊപ്പം നാലു പതിറ്റാണ്ട്; ഇന്ന് പിണറായി വിജയന്റെ നാല്പതാം വിവാഹ വാർഷികം

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നാല്പതാം വിവാഹ വാർഷികം. 1979ൽ ഇതേ ദിവസമായിരുന്നു കൂത്തുപറമ്പ് എംഎൽഎ ആയിരുന്ന പിണറായി വിജയൻ്റെയും തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂൾ അധ്യാപിക കമലയുടെയും വിവാഹം.
വിവാഹ വാർഷികങ്ങളോ പിറന്നാളുകളോ തങ്ങൾ ആഘോഷിക്കാറില്ലെന്നും വിവരം പലരും പറഞ്ഞപ്പോഴാണ് ഓർമ്മ വന്നതെന്നും കമല പറയുന്നു. “ഇന്നത്തെ ദിവസവും സാധാരണ പോലെ തന്നെ. ആരൊക്കെയോ വിളിച്ച് ആശംസകൾ അറിയിച്ചപ്പോഴാണ് നാൽപതാം വിവാഹ വാർഷികമാണെന്ന ഓർമ്മ വന്നത്. ഞങ്ങൾക്ക് ആഘോഷങ്ങളില്ല. വിജയേട്ടൻ കണ്ണൂരിലും ഞാൻ തിരുവനന്തപുരത്തും. മക്കൾ രണ്ടു പേരും നാട്ടിലില്ല. വിജയേട്ടൻ ആഘോഷങ്ങളോടൊന്നും വലിയ താത്പര്യം കാണിക്കുന്ന പ്രകൃതക്കാരനല്ല. പ്രളയം പോലെ നടുക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ആഘോഷത്തിനും പ്രസക്തിയില്ലല്ലോ”.- മുഖ്യമന്ത്രിയുടെ ജീവിത സഖി കമല പറയുന്നു.
1979 സെപ്തംബർ 2നാണ് വടകര ഒഞ്ചിയത്തെ തൈക്കണ്ടിയിൽ കമലയെ പിണറായി വിജയൻ ജീവിത സഖിയാക്കുന്നത്. അടിയന്തരാവസ്ഥയിലെ 19 മാസം നീണ്ട ജയിൽവാസത്തിനും കൊടിയ പീഡനങ്ങൾക്കും ശേഷം പുറത്തിറങ്ങി രണ്ടര വർഷം കഴിഞ്ഞായിരുന്നു വിവാഹം.
അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരനെ പ്രതിക്കൂട്ടിൽ നിർത്തി, മർദ്ദനത്തിന്റെ ചോര പുരണ്ട ഷർട്ടുകൾ ഉയർത്തിക്കാട്ടി നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പരിവേഷത്തിലായിരുന്നു പിണറായി. കൂത്തുപറമ്പ് എംഎൽഎയും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗവുമായിരുന്നു അന്ന് അദ്ദേഹം. കമല തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂൾ അദ്ധ്യാപികയും. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായ ചടയൻ ഗോവിന്ദന്റ പേരിലായിരുന്നു കല്യാണക്കുറി ഇറങ്ങിയത്. തലശ്ശേരി ടൗൺ ഹാളിൽ നടന്ന വിവാഹത്തിൽ അതിഥികൾക്ക് നൽകിയത് ചായയും ബിസ്‌കറ്റും. മുഖ്യകാർമ്മികൻ മുൻ മുഖ്യമന്ത്രി ഇകെ നായനാരും. പരസ്പരം മാലയിട്ടായിരുന്നു വിവാഹം. എംവി രാഘവൻ ഉൾപ്പെടെ അന്നത്തെ സിപിഐഎം നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here