ഉന്നാവ് പീഡന കേസ്; ഇരയായ പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി

ഉന്നാവ് പീഡന കേസിലെ ഇരയായ പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപെടുത്തി. അതേസമയം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐ സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം ചോദിച്ചു.
ഉത്തര്‍പ്രദേശില്‍ വെച്ചുണ്ടായ വാഹന അപകടത്തെ തുടര്‍ന്ന് എയിംസ് ആശുപത്രിയിലെ ഐസിയുവില്‍ ആയിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് വാര്‍ഡിലേക്ക് മാറ്റിയത്. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കണ്ട് അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിബിഐ ചോദിച്ചറിഞ്ഞത്.
അതേ സമയം വാഹനാപകട കേസിന്റെ കുറ്റപത്രം നല്‍കാന്‍ സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിഗണിക്കുന്ന കോടതി സിബിഐയുടെ ആവശ്യവും പരിഗണിക്കും. അതോടൊപ്പം ഉന്നാവ് പീഡന കേസുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളുടെ വിചാരണ പുരോഗതി വ്യക്തമാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. വിചാരണ കോടതി വെള്ളിയാഴ്ച്ചക്ക് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അഞ്ച് കേസുകളുടെയും സ്ഥിതിവിവരം പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here