Advertisement

പ്രഭാവതി അമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ കഥ; ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് മറാഠി സംസാരിക്കുന്നു

September 3, 2019
Google News 1 minute Read

13 വർഷമാണ് പ്രഭാവതി അമ്മ സമരം ചെയ്തത്. അതും ഒരു സംസ്ഥാനത്തിൻ്റെ പൊലീസ് സേനയ്ക്കെതിരെ. നിരപരാധിയായ തൻ്റെ മകനെ ഉരുട്ടിക്കൊന്ന പൊലീസുകാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രഭാവതി അമ്മ നടത്തിയ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു. ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ പൊലീസ് സേന എന്നറിയപ്പെടുന്ന കേരളാ പൊലീസും പ്രഭാവതിയും തമ്മിലുള്ള പോരാട്ടത്തിൻ്റെ നാൾവഴികൾ നമ്മളറിഞ്ഞത് വാർത്താ മാധ്യമങ്ങളിലൂടെ ആയിരുന്നു. പലപ്പോഴും വാർത്തകളറിഞ്ഞ് നമ്മൾ വിറങ്ങലിച്ചു. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ തലതാഴ്ത്തി നമ്മൾ പലവട്ടം തിരികെ നടന്നു. വിറച്ച്, തോറ്റ്, തലകുനിച്ച് നമ്മൾ തോൽവി സമ്മതിച്ചു. പ്രഭാവതി അമ്മ വൈകാതെ തിരികെ നടക്കുമെന്ന് പലവട്ടം നമ്മൾ കരുതി. പക്ഷേ, നിശ്ചയദാർഢ്യത്തിൻ്റെ സ്ത്രീ രൂപമായി പ്രഭാവതി അമ്മ മാറിയപ്പോൾ നിയമത്തിന് തലകുനിക്കേണ്ടി വന്നു. ഒരു ജീവപര്യത്തിൻ്റെ കാലയളവോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ തൻ്റെ മകനെ കൊന്ന പൊലീസുകാർക്ക് വധശിക്ഷ വാങ്ങി നൽകാൻ ആ അമ്മയ്ക്ക് സാധിച്ചു.

സമാനതകളില്ലാത്ത ഈ പോരാട്ടം സിനിമാ രൂപത്തിൽ പുറത്തിറങ്ങുകയാണ്. ഇവിടെയെങ്ങുമല്ല, കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കങ്ങളിലൊന്നായ ഉദയകുമാർ ഉരുട്ടിക്കൊലക്കേസും പ്രഭാവതി അമ്മയുടെ പോരാട്ടവും അഭ്രപാളിയിലെത്തിക്കുന്നത് മറാഠി ചലച്ചിത്ര മേഖലയാണ്. 2016ൽ ജാതീയതയെപ്പറ്റിയും ദുരഭിമാനക്കൊലയെപ്പറ്റിയും ശക്തമായ സന്ദേശവുമായി പുറത്തിറങ്ങുകയും അവിശ്വസനീയമായ ബോക്സോഫീസ് വിജയം നേടുകയും ചെയ്ത ‘സൈറതി’ൻ്റെ സ്വന്തം മറാഠി. നടനും സംവിധായകനുമായ അനന്ത്‌ നാരായൻ മഹാദേവനാണ്‌ പ്രഭാവതി അമ്മയുടെ ജീവിതം പശ്‌ചാത്തലമാക്കി ‘മായി ഘട്ട്‌: ക്രൈം നമ്പർ. 103/2005’ എന്ന പേരിൽ സിനിമ ഒരുക്കിയത്‌. നിയമപാലനത്തിലെയും നീതിന്യായ സംവിധാനത്തിലെയും കൊള്ളരുതായ്‌മകൾ തുറന്നുകാട്ടുന്ന സിനിമ സിംഗപ്പൂരിൽ നടക്കുന്ന സൗത്ത്‌ ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിലെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചപ്പോൾ പ്രേക്ഷക‌‍‍‌ർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

ഉഷ യാദവാണ് പ്രഭാവതി അമ്മയെ അഭ്രപാളിയിലെത്തിച്ചത്. പ്രഭാമയി എന്നാണ് ചിത്രത്തിൽ അവരുടെ കഥാപാത്രത്തിൻ്റെ പേര്.

‘പ്രഭാവതി അമ്മ വളരെ കരുത്തയായ സ്ത്രീ ആയിരുന്നു. അവർ ഒരിക്കലും തളർന്നില്ല. അതുകൊണ്ടുതന്നെ പ്രഭാമയി സ്ക്രീനിൽ ഒരിക്കലും കരയാൻ പാടില്ലെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അടിച്ചു വീശാനൊരുങ്ങുന്ന കൊടുങ്കാറ്റ് പോലെ, ഉരുകി മറിയുന്ന ലാവ പോലെ അവരുടെ ഉള്ളിൽ സങ്കടം നിലനിൽക്കണമെന്നുണ്ടായിരുന്നു. അതുകൊണ്ട് അങ്ങനെയാണ് സിനിമയെ സമീപിച്ചതും’- സംവിധായകൻ പറയുന്നു.

2005ൽ യുഡിഎഫ്‌ ഭരണകാലത്താണ്‌ തിരുവനന്തപുരം ഫോർട്ട്‌ സ്‌റ്റേഷനിൽ ഉദയകുമാർ പൊലീസ് കസ്‌റ്റഡിയിൽ കൊല്ലപ്പെട്ടത്‌. പ്രഭാവതി അമ്മയുടെ 13 വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ്‌ മകന്റെ ഘാതകരായ പൊലീസുകാർക്ക്‌ പ്രത്യേക സിബിഐ കോടതി വധശിക്ഷ വിധിച്ചത്‌. അതുവരെ നിരാലംബയും വൃദ്ധയുമായ ആ അമ്മ വിശ്രമിച്ചില്ല. കഴിഞ്ഞ വർഷം ജൂലൈയിലാണ്‌ സിബിഐ പ്രത്യേക കോടതി ഉദയകുമാറിനെ കസ്‌റ്റഡിയിൽ ഉരുട്ടിക്കൊന്ന രണ്ട് പൊലീസുകാരെ വധശിക്ഷക്ക്‌ വിധിച്ചത്‌.

ഇതേക്കുറിച്ച്‌ ഒരു പത്രത്തിൽ വന്ന മുഖപ്രസം​ഗമാണ് അനന്ത്‌ നാരായൻ മഹാദേവനെ സിനിമയെക്കുറിച്ച്‌ ചിന്തിപ്പിച്ചത്‌. തുടർന്ന്‌ തിരുവനന്തപുരത്ത്‌ എത്തി പ്രഭാവതി അമ്മയുമായി നേരിൽ സംസാരിച്ചു. മഹാരാഷ്‌ട്രയിലെ സംഗ്ലിയിൽ പൊലീസുകാരുടെയടക്കം അലക്കുകാരിയാണ്‌ സിനിമയിൽ പ്രഭാവതി. സുഹാസിനി മുലെ, ഗിരിഷ്‌ ഓക്‌ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here