‘മകൾക്ക് മാത്രം എങ്ങിനെ അപകടമുണ്ടായി’; റിസോർട്ടിലെ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ റിസോർട്ടിൽ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം. അപകടത്തിൽ പരുക്കേറ്റത് നിഷ്മയ്ക്ക് മാത്രമായിരുന്നു കൂടെയുണ്ടായിരുന്ന മറ്റാർക്കും ഒരു പോറൽ പോലും ഏറ്റിട്ടില്ല ഇക്കാര്യത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. ദുരൂഹത നീക്കാൻ അന്വേഷണം വേണം. മകളുടെ മരണത്തിൽ പ്രത്യേകസംഘം വെച്ച് തന്നെ അന്വേഷണം നടത്തണമെന്ന് നിഷ്‌മയുടെ മാതാവ് ആവശ്യപ്പെട്ടു.
വളരെ സന്തോഷത്തോടെയായിരുന്നു മകൾ യാത്രപോയിരുന്നത്. യാത്ര പോയതിന് ശേഷം ഫോണിൽ സംസാരിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചപ്പോൾ റേഞ്ച് കിട്ടിയിരുന്നില്ല. അപകടത്തിൻ്റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം. മകളുടെ കൂടെ പോയ ആർക്കും ഒന്നും പറ്റിയിട്ടില്ല. അവർ ആരൊക്കെയാണെന്ന് അറിയില്ലെന്നും കുടുംബം ട്വന്റി ഫോറിനോട് പറഞ്ഞു.
നിഷ്‌മയുടെ ശരീരത്തിൽ അപകടം പറ്റിയ ഒരു മുറിവുകളോ പാടുകളോ ഉണ്ടായിരുന്നില്ല. അത്രവലിയ ഭാരമുള്ള ടെൻറ്റ് വീഴുമ്പോൾ എന്തായാലും ഒരു മുറിവെങ്കിലും കാണും എന്നാൽ അത് പോലും കണ്ടിരുന്നില്ല. എന്തായിരുന്നു അന്ന് മകൾക്ക് സംഭവിച്ചത്. അതൊരു ചോദ്യചിഹ്നമായി കിടക്കുകയാണെന്നും കുടുംബം വ്യക്തമാക്കി.
വ്യാഴം പുലർച്ചെ രണ്ടിനായിരുന്നു വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ എമറാൾഡ് വെഞ്ചേഴ്സ് റിസോർട്ടിലെ ഹട്ട് തകർന്ന് അപകടമുണ്ടായത്. നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശിനിയായ നിഷ്‌മ താമസിച്ച ഹട്ടാണ് തകർന്നു വീണത്. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ഹട്ടായിരുന്നു. മഴ പെയ്ത് മേൽക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ റിസോർട്ട് മാനേജർ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ജില്ലയിലെ റിസോർട്ടുകളുടെ സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുകയാണ് ജില്ലാ ഭരണകൂടം. ടൗൺ പ്ലാനറുടെ റിപ്പോർട്ട് പ്രകാരം ആയിരത്തോളം റിസോർട്ടുകൾക്ക് മാത്രമാണ് പ്രവർത്തന അനുമതി. മറ്റ് റിസോർട്ടുകൾക്ക് രേഖകൾ ഹാജരാക്കുന്നതിനടക്കം 10 ദിവസത്തെ സമയം അനുവദിക്കുമെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ വ്യക്തമാക്കി.
Story Highlights : Hut collapsed at a resort in Meppadi, Wayanad; nishmas mother responds says what happened that night should be investigated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here