ബ്രെക്‌സിറ്റ് നടപ്പിലാകാന്‍ ആഴ്ചകള്‍ മാത്രം; പ്രചാരണത്തിനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍

ബ്രെക്‌സിറ്റ് നടപ്പിലാകാന്‍ ആഴ്ചകള്‍ മാത്രം നിലനില്‍ക്കെ വ്യാപക പ്രചാരണത്തിനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. ടെലിവിഷനിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ‘ഗെറ്റ് റെഡി ഫോര്‍ ബ്രെക്‌സിറ്റ്’എന്ന പേരിലാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ഇന്നലെ ആരംഭിച്ചു.

ഒക്ടോബര്‍ 31 നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനായി നിശ്ചയിച്ചിട്ടുള്ള അവസാന തിയതി. ഈ സമയപരിധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം നിലനില്‍ക്കെയാണ് ബ്രെക്‌സിറ്റ് സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി സര്‍ക്കാര്‍; പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ‘ഗെറ്റ് റെഡി ഫോര്‍ ബ്രെക്‌സിറ്റ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കും. ടിവി, പത്രമാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ഇതു സംബന്ധിച്ച പരസ്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വന്നു തുടങ്ങുമെന്നും ചാന്‍സിലര്‍ മൈക്കല്‍ ഗോവ് അറിയിച്ചു.

ബ്രെക്‌സിറ്റ് സംബന്ധിച്ച് വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ ദുരീകരിക്കാനായി തുടങ്ങിയ പ്രത്യേക വെബ്‌സെറ്റിന്റെ പ്രവര്‍ത്തനം ഇന്നലെ ആരംഭിച്ചു. വെബ്‌സൈറ്റിന്റെ പ്രചാരണമാണ് മറ്റു പരസ്യപരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്നും മൈക്കല്‍ ഗോവ് വ്യക്തമാക്കി. അതേസമയം, ഏതാണ്ട് 869 കോടി രൂപയോളമാണ് സര്‍ക്കാര്‍ പ്രചാരണപരിപാടികള്‍ക്കായി ചെലവഴിക്കുന്നതെന്നും ഇത് രാജ്യത്തെ ഏറ്റവും വലിയ പരസ്യദാതാക്കളില്‍ ഒന്നായ നാഷണല്‍ ലോട്ടറി ഒരു വര്‍ഷം ചെലവഴിക്കുന്നതിനെക്കാള്‍ വലിയ തുകയാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ എം പിമാര്‍ രംഗത്തെത്തി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top