Advertisement

ജാഗ്രത..! കേരളത്തിലേക്ക് ഓണവിപണി ലക്ഷ്യമിട്ടെത്തുന്നത് മായം കലർത്തിയ പാൽ

September 3, 2019
Google News 1 minute Read

ഓണവിപണി ലക്ഷ്യമിട്ട് അതിർത്തി കടന്ന് കേരളത്തിലേക്ക് മായം കലർന്ന പാൽ വ്യാപകമായെത്തുന്നു. ഓണക്കാലമെത്തിയതോടെ സംസ്ഥാനത്തുണ്ടായിരിക്കുന്ന പാൽക്ഷാമം മുതലെടുത്താണ് ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് രാസപദാർത്ഥങ്ങൾ കലർത്തിയ പാലെത്തിക്കുന്നത്. കേരളത്തിലേക്ക് കൊണ്ടുവന്ന മായം കലർന്ന പാൽ കഴിഞ്ഞ ദിവസം പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു.

മായം കലർത്തിയ 12,000 ലിറ്റർ പാലാണ് പിടികൂടിയത്. കൊഴുപ്പ് വർധിപ്പിക്കുന്നതിനായി രാസപദാർത്ഥങ്ങൾ പാലിൽ കലർത്തിയതായി പരിശോധനയിൽ കണ്ടെത്തി. പൊള്ളാച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടു പോകുകയായിരുന്ന പാലാണ് പിടികൂടിയത്. മാരകരോഗങ്ങൾക്ക് കാരണമായേക്കാവുന്ന മാൽടോക്‌സ്, ഫോർമാലിൻ തുടങ്ങിയ രാസപദാർത്ഥങ്ങളാണ് പാലിൽ ചേർത്തതെന്ന് കണ്ടെത്തി. മാസങ്ങളോളം പാൽ കേടാവാതിരിക്കാനും കൊഴുപ്പ് കൂട്ടുന്നതിനുമാണ് ഇത്തരം രാസപദാർത്ഥങ്ങൾ പാലിൽ കലർത്തുന്നത്.

Read Also; സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും

പല ബ്രാൻഡുകളിലായി തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് മായം കലർത്തി പാൽ കടത്തുന്നതായ വിവരത്തെ തുടർന്ന് ക്ഷീരവകുപ്പിന്റെ നേതൃത്വത്തിലടക്കം പലയിടത്തും പരിശോധനകൾ നടത്തുന്നുണ്ട്. ഒരാഴ്ചയോളം പാൽ കേടാകാതിരിക്കാനുള്ള രാസവസ്തുക്കളാണ് ചേർക്കുന്നത്. പ്രതിദിനം നാല് ലക്ഷത്തോളം ലിറ്റർ പാലാണ്  ചെക്ക് പോസ്റ്റ് കടന്ന് കേരളത്തിലേക്കെത്തുന്നത്. ചെക്ക് പോസ്റ്റുകളിൽ പാൽ പരിശോധന കർശനമാക്കിയതോടെ ചെക്ക് പോസ്റ്റുകൾ ഒഴിവാക്കിയാണ് ഇപ്പോൾ പാൽ കടത്തുന്നത്.

പല തവണ ചെക്ക് പോസ്റ്റുകളിലെ പരിശോധനയിൽ പിടികൂടുകയും നിരോധിക്കുകയും ചെയ്ത ബ്രാൻഡുകൾ പേരു മാറ്റി വീണ്ടുമെത്തുന്നതും പതിവാണ്. പരിശോധനയൊഴിവാക്കാനായി പാൽ എന്ന് രേഖപ്പെടുത്തുക പോലും ചെയ്യാത്ത ടാങ്കറുകളിലാണ് പലപ്പോഴും രാസവസ്തുക്കൾ ചേർത്ത പാലെത്തിക്കുന്നത്. ഇങ്ങനെ സംസ്ഥാനത്തെത്തുന്ന പാൽ ഇവിടെ തന്നെ വച്ച് കവറുകളിലാക്കി വിൽപ്പന നടത്തുകയാണ് പതിവ്. നേരത്തെ ചെക്ക് പോസ്റ്റുകളിലെ പരിശോധനയിൽ പിടികൂടിയ പാലിൽ ഫോർമാലിൻ അടക്കം ചേർത്തിരുന്നതായി കണ്ടെത്തിയിരുന്നു.

Read Also; മലബാർ ജില്ലകളിലെ ക്യാമ്പുകളിൽ സൗജന്യ പാൽ വിതരണവുമായി മിൽമ

ഓണത്തിന് മുന്നോടിയായി ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ കുമളി ചെക്ക് പോസ്റ്റിൽ ഉൾപ്പെടെ പാൽ പരിശോധന കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അതേ സമയം സംസ്ഥാനത്ത് പാൽ വില ഉടൻ തന്നെ വർധിപ്പിച്ചേക്കുമെന്നാണ് വിവരം. പാൽവിലയുമായി ബന്ധപ്പെട്ട് കർഷകർക്ക് ആശ്വാസകരമായ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി കെ.രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രളയത്തിലുണ്ടായ നഷ്ടവും കാലിത്തീറ്റ വിലവർധനവും കണക്കിലെടുത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here