ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പ്രതികളായ ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം. നിലവിൽ വിജിലൻസ് അന്വേഷിച്ചു വരുന്ന കേസാണിത്. തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയിൽ മാലിന്യപ്ലാൻറ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്നാണ് പരാതി.
ടൈറ്റാനിയം അഴിമതി കേസിന് അന്താരാഷ്ട്ര, അന്തർസംസ്ഥാന ബന്ധങ്ങൾ ഉളള പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. അഴിമതിയിൽ ഉൾപ്പെട്ടത് വിദേശ കമ്പനിയായതിനാൽ വിദേശത്തും അന്വേഷണം ആവശ്യമാണ്. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തണം. നിലവിൽ കേസന്വേഷിക്കുന്ന വിജിലൻസ് ഇന്റർപോളിനെ സമീപിച്ചിരുന്നുവെങ്കിലും സഹായം ലഭ്യമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് വിടാനുളള സർക്കാർ തീരുമാനം.
2006 ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ് തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയിൽ മാലിന്യ നിർമാർജന പ്ലാൻറ് സ്ഥാപിക്കാൻ അനുമതി നൽകിയത്. പ്ലാന്റിന്റെ നിർമാണത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോൺ കമ്പനി വഴി ബ്രിട്ടണിലെ വി.എ.ടെക്ബാഗ് കമ്പനിക്കാണ് കരാർ നൽകിയത്. 256 കോടിയുടേതായിരുന്നു കരാർ. ഇതിൽ അഴിമതി നടന്നുവെന്നാണ് ആക്ഷേപം. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻവ്യവസായ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, ടൈറ്റാനിയം മുൻ ചെയർമാൻ ടി.ബാലകൃഷ്ണൻ തുടങ്ങിയവരാണ് കേസിലെ പ്രതികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here