ധോണിയെ മറികടന്നു; ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ ക്യാപ്റ്റനെന്ന റെക്കോർഡ് കോലിക്ക്

ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനെന്ന റെക്കോർഡ് വിരാട് കോലിക്ക്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയം കുറിച്ചതോടെയാണ് മുൻ നായകൻ എംഎസ് ധോണിയെ പിന്തള്ളി കോലി റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. ധോണിയുടെ 27 ടെസ്റ്റ് വിജയങ്ങളെന്ന റെക്കോർഡാണ് കോലി തിരുത്തിയത്.
60 മത്സരങ്ങളില്‍ നിന്നാണ് ധോണി 27 വിജയങ്ങൾ സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരായ ജയത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ അക്കൗണ്ടില്‍ 28 വിജയങ്ങളായി. ടീമിനെ നയിച്ച 48-ാം ടെസ്റ്റിലാണ് കോലി ഇന്ത്യന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. സൗരവ് ഗാംഗുലി, മൊഹമ്മദ് അസറുദ്ദീൻ എന്നിവരാണ് ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്മാരിൽ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ഗാംഗുലി 49 ടെസ്റ്റുകളിൽ 21 ജയവും, അസറുദ്ദീൻ 47 ടെസ്റ്റുകളിൽ 14 ജയങ്ങളുമാണ് ടീമിന് സമ്മാനിച്ചിട്ടുള്ളത്.
നേരത്തെ ഇന്ത്യക്കു പുറത്ത് ഏറ്റവും കൂടുതൽ വിജയം സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡിൽ സൗരവ് ഗാംഗുലിയെ കോലി മറികടന്നിരുന്നു. 11 വിജയങ്ങളെന്ന ഗാംഗുലിയുടെ റെക്കോർഡ് ആണ് കോലി മറികടന്നത്. വിൻഡീസിനെതിരെ നടന്ന ആദ്യ ടെസ്റ്റിലാണ് കോലി 12ആം എവേ ജയം കുറിച്ചത്. 26 ടെസ്റ്റുകളിൽ നിന്നാണ് കോലിയുടെ ഈ നേട്ടം. ഗാംഗുലിയും 26 മത്സരങ്ങളിൽ നിന്നു തന്നെയാണ് 11 വിജയങ്ങൾ കുറിച്ചിരുന്നത്. മൂന്നാം സ്ഥാനത്തുള്ള ധോണി ഏറെ പിന്നിലാണ്. ധോണിക്ക് കീഴിൽ 6 വിദേശ വിജയങ്ങൾ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. അഞ്ച് വിജയങ്ങൾ നേടിയ ദ്രാവിഡാണ് നാലാമത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here