ഭീകരരുടെ പട്ടിക പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; മസൂദ് അസറും ദാവൂദ് ഇബ്രാഹിമും പട്ടികയിൽ

ഭീകരരുടെ പട്ടിക പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ജെയ്ഷ ഇ മുഹമ്മദ് നേതാവ് മസൂദ് അസർ, ലഷ്‌കർ ഇ തോയിബ സ്ഥാപകൻ ഹാഫിസ് സെയ്ദ്, 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരൻ ദാവൂദ് ഇബ്രാംഹിം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി സാഖിയുർ റഹ്മാൻ ലഖ്‌വി എന്നിവർ പട്ടികയിലുണ്ട്. പുതിയ ഭീകരവിരുദ്ധ നിയമം അനുസരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇവരെ ഭീകരവാദികളായി പ്രഖ്യാപിച്ചത്.
നേരത്തേ ജെയ്ഷ ഇ മുഹമ്മദ് ഉൾപ്പെടെയുള്ള സംഘടനകളെ ഭീകരവാദി സംഘടനകളായി പ്രഖ്യാപിച്ചിരുന്നു. സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരെ ഭീകരരായി പ്രഖ്യാപിച്ചിരുന്നില്ല. മറ്റ് പേരുകളിൽ സംഘടനകൾ രൂപീകരിച്ച് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്തത്.
ആഗസ്റ്റ് രണ്ടിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കിയതോടെയാണ് പാർലമെന്റിന്റെ അംഗീകാരം നേടാൻ വഴിയൊരുക്കിയത്. മസൂദ് അസറും ഹാഫിസ് സെയ്ദും തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here