പാലായിലെ അധികാരത്തിന്റെ പേരിലുള്ള തമ്മിലടി എല്ലാവരും കാണുന്നുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി എൻ ഹരി

പാലായിൽ അധികാരത്തിന്റെ പേരിലുള്ള തമ്മിലടി എല്ലാവരും കാണുന്നുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി എൻ ഹരി. വികസനം ആഗ്രഹിക്കുന്ന ജനം ബിജെപിയെ സ്വീകരിക്കും. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എൻ ഹരി.
ളാലം മഹാദേവ ക്ഷേത്രത്തിലും ഭരണങ്ങാനം പള്ളിയിലും പ്രാർത്ഥന നടത്തിയ ശേഷമാണ് എൻ ഹരി നാമനിർദേശ പത്രികാ സമർപ്പണത്തിനെത്തിയത്. പതിനൊന്ന് മണിയോടെ സംസ്ഥാന, ജില്ലാ നേതാക്കളോടൊപ്പമാണ് ളാലം ബ്ലോക്ക് ഓഫീസിലെത്തിയത്. പിന്നാലെ നേതാക്കളെയും പ്രവർത്തകരെയും സാക്ഷിയാക്കി വരണാധികാരി മുൻപാകെ പത്രികാ സമർപ്പണം.
കേരള കോൺഗ്രസിലെ ചേരിതിരിവ് മറനീക്കി പുറത്തു വരുന്നതും ശബരിമല വിഷയത്തിലെ സിപിഎം ഇരട്ടത്താപ്പും മണ്ഡലത്തിൽ എൻഡിഎയ്ക്ക് ഗുണം ചെയ്യുമെന്ന് സ്ഥാനാർഥി സൂചിപ്പിച്ചു. ജനങ്ങൾ എല്ലാം കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. എട്ടിന് നിയോജകമണ്ഡലം കൺവൻഷനും 5 മുതൽ 9 വരെ പഞ്ചായത്ത് കൺവൻഷനുകളും നടക്കും. ഓണത്തിന് പിന്നാലെ ദേശീയ നേതാക്കളെ കൂടി എത്തിച്ച് പ്രചരണം ശക്തമാക്കാനാണ് നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here