Advertisement

‘ഒരു നീണ്ട നീണ്ട കഥ’; ‘എന്നൈ നോക്കി പായും തോട്ട’ റിലീസ് വീണ്ടും മാറ്റി

September 5, 2019
Google News 7 minutes Read

ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘എന്നൈ നോക്കി പായും തോട്ട’യുടെ റിലീസ് മാറ്റിയതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രശ്നങ്ങളും കോടതി നടപടികളും റിലീസിനു തടസമായെന്നാണ് റിപ്പോര്‍ട്ട്. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.

ലൈക്ക പ്രൊഡക്ഷൻസും കെ പ്രൊഡക്ഷന്‍സും ചേർന്നാണ് എന്നൈ നോക്കി പായും തോട്ടയുടെ വിതരണാവകാശം നേടിയിരുന്നത്. എന്നാൽ, ബാഹുബലിയുടെ തമിഴ് പതിപ്പ് വിതരണത്തിനെടുത്ത കെ പ്രൊഡക്ഷൻസ് ഇനിയും കുടിശിക കൊടുത്തു തീർത്തില്ലെന്ന് കാണിച്ച് സിനിമയുടെ നിർമാതാക്കളായിരുന്ന അർക്ക പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലായി. കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ചിത്രം നാളെ റിലീസ് ചെയ്യാന്‍ സാധ്യതയില്ലെന്നാണ് അർക്ക മീഡിയ പറയുന്നത്.

കോടതി വിധി പ്രകാരം കെ പ്രൊഡക്ഷന്‍സ് 15.5 കോടി രൂപയാണ് അര്‍ക്ക മീഡിയക്ക് നല്‍കാനുള്ളത്. ഇതിൽ തീർപ്പാകുന്നതു വരെ ചിത്രം റിലീസാവാനിടയില്ല. 28 കോടി രൂപയ്ക്ക് തമിഴ് വിതരണാവകാശം സ്വന്തമാക്കിയ കെ പ്രൊഡക്ഷൻസ് 12.5 കോടി രൂപ മാത്രമാണ് അർക്ക മീഡിയക്ക് നൽകിയത്. ഇതിനോടൊപ്പം വിജയ് സേതുപതി ചിത്രം സിന്ധുബാദിനും സമാനമായ പ്രശ്നം ഉണ്ടായിരുന്നു. ഇതും ചേർന്ന് 17.6 കോടി രൂപയാണ് കെ പ്രൊഡക്ഷൻസ് നൽകാനുണ്ടായിരുന്നത്. സിന്ധുബാദിൻ്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് ചിത്രം റിലീസായെങ്കിലും എന്നൈ നോക്കി പായും തോട്ട വൈകും.

2016ലായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചത്. മേഘാ ആകാശാണ് ചിത്രത്തിലെ നായിക. ജോമോന്‍ ടി ജോണും മനോജ് പരമഹംസയും ചേര്‍ന്ന് ഛായാഗ്രഹണവും ധര്‍ബുക ശിവ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here