എട്ട് ദിവസങ്ങളുടെ വ്യത്യാസം; ടെസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോർഡ് റാഷിദ് ഖാനു സ്വന്തം

ടെസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോർഡ് അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാന്. 15 വർഷം മുൻപ് സിംബാബ്‌വെ താരം തദേന്ത തെയ്ബു കുറിച്ച റെക്കോർഡാണ് റാഷിദ് തിരുത്തിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റിലാണ് റാഷിദ് ഈ നേട്ടം സ്വന്തമാക്കിയത്.
തെയ്ബുവിൻ്റെ പ്രായത്തെക്കാൾ എട്ടു ദിവസം മാത്രം പ്രായക്കുറവുള്ളപ്പോഴാണ് ക്യാപ്റ്റനായി റാഷിദ് ഖാൻ അരങ്ങേറിയത്. 20 വയസും 358 ദിവസവും പ്രായമുള്ളപ്പോഴാണ് തെയ്ബുവിന്റെ അരങ്ങേറ്റം. റാഷിദ് ഖാന്റെ പ്രായം 20 വയസും 350 ദിവസവുമാണ്. 2004ലാണ് തെയ്ബു ഈ റെക്കോർഡ് സ്വന്തമാക്കിയത്.
സിംബാബ്‌വെയ്ക്കായി 28 ടെസ്റ്റുകളും 150 ഏകദിനങ്ങളും തെയ്ബു കളിച്ചിട്ടുണ്ട്. 2012ലാണ് താരം അപ്രതീക്ഷിതമായി വിരമിക്കുന്നത്. പിന്നീട് ദേശീയ ടീമിന്റെ സെലക്ടറായി തിരിച്ചെത്തിയിരുന്നു. റാഷിദ് ഖാനെ ലോകകപ്പിന് ശേഷമാണ് മൂന്നു ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റനായി നിയമിച്ചത്. ലോകകപ്പിലെ ടീമിൻ്റെ ദയനീയ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിലാണ് നിലവിലെ ക്യാപ്റ്റന്മാരെ മാറ്റി റാഷിദിനെ നായകനാക്കി നിയമിച്ചത്.
മൂന്ന് ഫോർമാറ്റിലെ ടീമുകൾക്കും മൂന്ന് ക്യാപ്റ്റന്മാർ എന്ന ചിന്തയുടെ ഭാഗമായാണ് ലോകകപ്പിനു തൊട്ടു മുൻപ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മൂന്ന് ഫോർമാറ്റിലും മൂന്ന് ക്യാപ്റ്റന്മാരെ നിയമിക്കുന്നത്. റഹ്മത് ഷായെ ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുത്തപ്പോൾ ഏകദിനത്തിൽ ഗുൽബദിൻ നയ്ബും ടി-20യിൽ റാഷിദും ക്യാപ്റ്റന്മാരായി നിയമിക്കപ്പെട്ടു. ഈ തീരുമാനമാണ് പിന്നീട് റദ്ദാക്കിയത്. ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടെങ്കിലും ഒരു മത്സരത്തിൽ പോലും ടീമിനെ നയിക്കാതെയാണ് റഹ്മത് ഷാ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പടിയിറങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here