അയോധ്യയിൽ ക്ഷേത്രനിർമാണം യാഥാർത്ഥ്യമാകണമെന്ന് ശശി തരൂർ

കശ്മീർ, അയോധ്യ വിഷയങ്ങളിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ശശി തരൂർ എം.പി. 370-ാം വകുപ്പ് പിൻവലിച്ചതിനെ അനുകൂലിച്ച ശശി തരൂർ അയോധ്യയിൽ ക്ഷേത്ര നിർമാണം വേണമെന്നും അഭിപ്രായപ്പെട്ടു. കശ്മീരിൽ 370-ാം വകുപ്പ് നിലവിൽ വന്നത് എക്കാലത്തേക്കുമായിരുന്നില്ല. അയോധ്യയിൽ തർക്ക ഭൂമിയിലുണ്ടായിരുന്ന ക്ഷേത്രം തകർക്കപ്പെട്ടതാണെന്നും മറ്റു മതസ്ഥരുടെ വികാരങ്ങൾ വ്രണപ്പെടുത്താതെ എങ്ങനെ ക്ഷേത്രം പണിയുമെന്നാണ് ആലോചിക്കേണ്ടതെന്നും ശശി തരൂർ പറഞ്ഞു. ദേശീയ മാധ്യമങ്ങളോടാണ് ശശി തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.
Read Also; ‘മോദി സ്തുതി ഇവിടെ നടക്കില്ല’; തരൂരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ
370-ാം വകുപ്പ് ഒരു താൽകാലിക മാർഗമായാണ് നെഹ്‌റു വിഭാവനം ചെയ്തത്. കൂടുതൽ കാലം അത് മുന്നോട്ടുകൊണ്ടു പോകാൻ നെഹ്‌റു ആഗ്രഹിച്ചിരുന്നില്ല. അതിനാൽ തന്നെ 370-ാം വകുപ്പ് പിൻവലിച്ചതിനെ സ്വാഗതം ചെയ്യാവുന്നതാണെന്നും ശശി തരൂർ വ്യക്തമാക്കി. അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാൽ ക്ഷേത്രമുണ്ടായിരുന്നു എന്നത് വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട് വളരെ ആഴത്തിലുള്ള വിശ്വാസമാണ് ജനങ്ങൾക്കിടയിലുള്ളത്. അതിനാൽ തന്നെ മറ്റു മതസ്ഥരുടെ കൂടി വികാരങ്ങൾ പരിഗണിച്ച് അയോധ്യയിൽ ക്ഷേത്ര നിർമാണം യാഥാർത്ഥ്യമാക്കണമെന്നും തരൂർ വ്യക്തമാക്കി.
നേരത്തെ മോദി സ്തുതി നടത്തിയെന്ന ആരോപണത്തിൽ ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.മുരളീധരനും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കൾ തരൂരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. മോദി അനുകൂല പ്രസ്താവനയിൽ ശശി തരൂരിനെതിരെ നടപടിയാവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി സോണിയാ ഗാന്ധിക്ക് പരാതി നൽകുകയുമുണ്ടായി. എന്നാൽ താൻ മോദിയെ സ്തുതിച്ചിട്ടില്ലെന്നും തന്നെ മോദി സ്തുതി പാഠകനായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്നുമായിരുന്നു ശശി തരൂരിന്റെ വിശദീകരണം.
മോദി ചെയ്ത നല്ല കാര്യങ്ങൾ നല്ലതെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും അങ്ങനെ ചെയ്താൽ മാത്രമേ വിമർശനങ്ങളെയും ജനങ്ങൾ അംഗീകരിക്കുകയുള്ളൂവെന്നുമാണ് കെപിസിസിക്ക് നൽകിയ വിശദീകരണത്തിൽ തരൂർ വ്യക്തമാക്കിയത്. മോദിയുടെ കടുത്ത വിമർശകനാണ് താനെന്നും ക്രിയാത്മക വിമർശനം ഇനിയും തുടരുമെന്നും തരൂർ കെപിസിസിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ എപ്പോഴും കുറ്റം പറയുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന ശശി തരൂരിന്റെ പരാമർശമാണ് പാർട്ടിക്കുള്ളിൽ എതിർപ്പുയർത്തിയത്.
തരൂരിന്റെ വിശദീകരണത്തോടെ മോദി സ്തുതി വിഷയത്തിലെ ചർച്ചകൾ അവസാനിച്ചെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയെങ്കിലും ഇതേച്ചൊല്ലി കെ.മുരളീധരനും തരൂരും തമ്മിൽ വീണ്ടും ഏറ്റുമുട്ടിയിരുന്നു. മോദി സ്തുതി വിവാദത്തിന് പിന്നാലെയാണ് ഇപ്പോൾ 370-ാം വകുപ്പ്, അയോധ്യ വിഷയങ്ങളിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി തരൂർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here