ശബരിമല നിയമനിർമാണം; സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി

ശബരിമല നിയമനിർമാണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭരണസംവിധാനം പരിഷ്‌കരിക്കാൻ
തീരുമാനമായിട്ടില്ലെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണം. ശബരിമലയിലെ ഭരണക്കാര്യത്തിന് പ്രത്യേക നിയമനിർമാണം കൊണ്ടുവരുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായതായി സംസ്ഥാനസർക്കാർ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ഭരണസംവിധാനം പരിഷ്‌കരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.

Read Also‘ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം കൊണ്ടുവരും’; സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

പന്തളം രാജകുടുംബാംഗം രേവതിനാൾ പി. രാമവർമ രാജ സമർപ്പിച്ചിരുന്ന ഹർജിയിലാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്. ശബരിമല അയ്യപ്പ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിന് വേണ്ടി മാത്രമായി നിയമം കൊണ്ടുവരും. അതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ്. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് ശബരിമല ക്ഷേത്രം. ദേവസ്വം നിയമത്തിൽ ഭേദഗതി വരുത്തുമെന്ന സൂചന സർക്കാർ കോടതിക്ക് നൽകി.

ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ഭരണസംവിധാനത്തിൽ വലിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ അന്തിമരൂപമായി വരുന്നതായും സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചു. നിയമനിർമാണം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും ഇതിനായി കൂടുതൽ സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന്, ഹർജി നാലാഴ്ചത്തേക്ക് ശേഷം പരിഗണിക്കാൻ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീരുമാനിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top