ഓണത്തിന് ശേഷം മിൽമ പാലിന് നാല് രൂപ കൂടും

സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർധിപ്പിക്കാൻ തീരുമാനം. ലിറ്ററിന് നാല് രൂപ  വർധിപ്പിക്കാനാണ് തീരുമാനമായത്.   മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന മിൽമ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് പാൽവില കൂട്ടാൻ ധാരണയായത്. മിൽമയുടെ എല്ലായിനം കവർപാലിനും വില കൂടും. സെപ്റ്റംബർ  21 മുതലാണ്‌  വർധന നിലവിൽ വരുക. പാലിന് ലിറ്ററിന് അഞ്ച് മുതൽ ഏഴ് രൂപവരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ആവശ്യം.

Read Also; മൊബൈൽ ആപ് വഴി ബുക്ക് ചെയ്താൽ മിൽമ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും

പ്രളയത്തിലുണ്ടായ നാശങ്ങളും കാലിത്തീറ്റയുടെ വിലവർധനയും കണക്കിലെടുക്കണമെന്നും മിൽമ ആവശ്യപ്പെട്ടു. എന്നാൽ നാല് രൂപ വർധിപ്പിച്ചാൽ മതിയെന്നായിരുന്നു സർക്കാരിന്റെ നിലപാട്. വർധിപ്പിക്കുന്ന വിലയിൽ 83.75 ശതമാനവും ക്ഷീര കർഷകർക്കാണ് ലഭിക്കുക. ഇതുപ്രകാരം 3 രൂപ 35 പൈസ കർഷകർക്ക് അധികമായി കിട്ടും. കൂടിയ വിലയുടെ 80 ശതമാനം കർഷകർക്ക് നൽകാമെന്നാണ് മിൽമ നിർദേശിച്ചിരുന്നത്.

Read Also; ജാഗ്രത..! കേരളത്തിലേക്ക് ഓണവിപണി ലക്ഷ്യമിട്ടെത്തുന്നത് മായം കലർത്തിയ പാൽ

എന്നാൽ 83.75 ശതമാനം കർഷകർക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. ലിറ്ററിന് ഒരു പൈസ വീതം ഗ്രീൻകേരള മിഷനുവേണ്ടി മാറ്റിവയ്ക്കാനും ധാരണയായി. ഓണക്കാലമായതിനാലാണ് വില വർധന നടപ്പാക്കുന്നത് സെപ്റ്റംബർ 21 ലേക്ക് നീട്ടിയിരിക്കുന്നത്. നാളെ ചേരുന്ന മിൽമ ബോർഡ് യോഗമാണ് തീരുമാനം പ്രഖ്യാപിക്കുക. 2017-ലാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിലായി മിൽമ പാൽവില കൂട്ടിയത്. നാല് രൂപയാണ് അന്ന് ലിറ്ററിന് വർധിപ്പിച്ചത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top