കൂവലിലൊന്നും പ്രകോപിതനാകില്ല; സ്ഥാനാർത്ഥി ജയിക്കാൻ ആഗ്രഹമുള്ളവർ പിന്തിരിയണമെന്ന് ജോസഫ്

ജോസ് കെ മാണിക്ക് വീണ്ടു വിചാരമില്ലെന്ന് പി.ജെ ജോസഫ്. മാണി സാറിന്റെ പക്വതയോ വീണ്ടു വിചാരമോ ജോസ് കെ മാണിക്കില്ല. ഇന്നലെ പാലായിലെ യുഡിഎഫ് കൺവെൻഷനിടെ തനിക്കു നേരെ കൂവലുണ്ടായത് കാര്യമായെടുക്കുന്നില്ല. കൂവിയാലൊന്നും പ്രകോപിതനാകുന്ന ആളല്ല താനെന്നും എന്നാൽ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ആഗ്രഹമുള്ളവർ ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും ജോസഫ് പറഞ്ഞു. സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുകൂട്ടാൻ പാർട്ടി ചെയർമാനു മാത്രമാണ് അധികാരമുള്ളത്.

Read Also; ജോസഫ് പക്ഷം ശകുനം മുടക്കികൾ; നിയോഗം വിഡ്ഢിയാകാനെന്ന് പ്രതിച്ഛായ

ചെയർമാൻ എന്ന് സ്വയം പറഞ്ഞു നടക്കുന്നവർക്ക് അതിന് കഴിയില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. ചിഹ്നം കിട്ടാനും പാർട്ടി ചെയർമാൻ തന്നെ ഒപ്പിടണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. ചെയർമാനായി തന്നെ അംഗീകരിക്കാത്തിടത്തോളം ചിഹ്നം കിട്ടില്ലെന്നത് സ്വാഭാവികമാണ്. എന്നാൽ ഇതെല്ലാം വ്യക്തമായിട്ടും ജോസ് കെ മാണി ഇപ്പോഴും നടത്തുന്ന ചില നീക്കങ്ങൾ ദുരൂഹമാണ്.

പ്രതിച്ഛായയിലൂടെ ആരാണ് സംസാരിക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണ്. ജോസ് കെ മാണിയുടെ അറിവില്ലാതെ പ്രതിച്ഛായയിൽ ഒന്നും എഴുതില്ല. തനിക്കെതിരെയുള്ള ഇത്തരം നീക്കങ്ങൾ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് സഹായിക്കുമോയെന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്നും പി.ജെ ജോസഫ് പറഞ്ഞു.

Read Also; പാലായിൽ ജോസ് ടോമിന് രണ്ടിലയില്ല; സ്വതന്ത്രനായി മത്സരിക്കും

ഇന്നലെ പാലായിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.ജെ ജോസഫിനെതിരെ ഒരു വിഭാഗം കേരള കോൺഗ്രസ് പ്രവർത്തകർ കൂവി വിളിച്ച് പ്രതിഷേധിച്ചിരുന്നു. കൺവെൻഷനിൽ രമേശ് ചെന്നിത്തല സംസാരിക്കുന്നതിനിടെ പി.ജെ ജോസഫിന്റെ പേര് പരാമർശിച്ചപ്പോഴാണ് പ്രവർത്തകർക്കിടയിൽ നിന്നും കൂവലുയർന്നത്. തുടർന്ന് നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ജോസ് കെ മാണിയുടെ പേര് പറഞ്ഞപ്പോഴാകട്ടെ പ്രവർത്തകർ കയ്യടിക്കുകയും ചെയ്തു.

പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കില്ലെന്ന വിവരമറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് കൺവെൻഷനിൽ ജോസഫിനെതിരെ പ്രതിഷേധമുയർന്നത്. ജോസ് ടോമിന് രണ്ടില ചിഹ്നം നൽകാനാവില്ലെന്നും സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാമെന്നും വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു. പി.ജെ ജോസഫ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വരണാധികാരിയുടെ തീരുമാനം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top