ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രിം കോടതിയുടെ അന്ത്യശാസനം തടയണ കെട്ടി ആവാസ വ്യവസ്ഥ തകർക്കുന്നവർക്കുള്ള താക്കീതാണെന്ന് വി.എസ്

നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രിം കോടതിയുടെ അന്ത്യശാസനം തടയണ കെട്ടിയും കുന്നിടിച്ചും ജനങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകൾക്കുള്ള താക്കീതാണെന്ന് വി.എസ് അച്യുതാനന്ദൻ. ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തീർപ്പാണതെന്നും വി.എസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഇവിടെ വഞ്ചിക്കപ്പെട്ടത് ഫ്‌ളാറ്റുടമകളാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഫ്‌ളാറ്റുകൾ കെട്ടിപ്പൊക്കാൻ സർക്കാരിന്റെ പിന്തുണയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കണം അവർ ഫ്‌ളാറ്റുകൾ സ്വന്തമാക്കിയത്. നിയമലംഘനത്തിന് കൂട്ടു നിന്നവരെല്ലാം തന്നെയാണ് അവരുടെ നഷ്ടം നികത്തിക്കൊടുക്കേണ്ടതെന്നും വിഎസ് വ്യക്തമാക്കുന്നു.

വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചിലർ വരുമ്പോൾ നിയമങ്ങൾ വഴിമാറുന്നത് അംഗീകരിക്കാനാവില്ല എന്ന് സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയത് മരടിലെ ഫ്‌ലാറ്റുകളുടെ കാര്യത്തിൽ ആവർത്തിക്കപ്പെട്ടു.

ഫ്‌ലാറ്റ് നിർമ്മാതാക്കൾക്ക് പരാതിയുണ്ട്. അത് സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു. നഗരസഭാ സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ വിധിയിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കപ്പെട്ടു. ഇവിടെ വാദി തീരദേശ പരിപാലന അഥോറിറ്റിയാണ്. വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി ഒരു മാസത്തിനകം ഫ്‌ലാറ്റുകൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ടത്. കഴിഞ്ഞ പ്രളയത്തിൽ ആവാസം നഷ്ടപ്പെട്ട പാവങ്ങളെ സംബന്ധിച്ചിടത്തോളം, സുപ്രീംകോടതിയുടെ നിരീക്ഷണം വലിയ ആശ്വാസമാണ്. ഇനിയുമൊരു പ്രളയം താങ്ങാൻ കേരളത്തിന് കെൽപ്പില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

നിലവിലുള്ള നിയമങ്ങൾ തലനാരിഴ കീറി പരിശോധിച്ചാണ് ഇന്നത്തെ സ്ഥിതിയിലേക്ക് കാര്യങ്ങളെ സുപ്രീംകോടതി എത്തിച്ചത്. മെയ് മാസത്തിൽ എല്ലാ ഫ്‌ലാറ്റുകളും പൊളിച്ചു നീക്കാനാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഫ്‌ലാറ്റുടമകൾ സമർപ്പിച്ച റവ്യൂ ഹർജിയിൽ ബഹു. സുപ്രീം കോടതി വിധിച്ചത്, ഫ്‌ലാറ്റുകൾ ആറാഴ്ച്ചത്തേക്ക് പൊളിക്കേണ്ടതില്ല എന്നായിരുന്നു. അത് ജൂൺ മാസത്തിലായിരുന്നു.

സെപ്തംബറായപ്പോഴേക്ക് കാര്യങ്ങൾ മാറി. ഫ്‌ലാറ്റുകൾ പൊളിക്കാത്ത വിഷയത്തിൽ ബഹു. സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. മരട് മുനിസിപ്പാലിറ്റി വിശദീകരണം നൽകണമെന്നായിരുന്നു കോടതിയുടെ നിലപാട്.

ഒടുവിൽ ഇന്ന് സുപ്രീംകോടതിയുടെ അന്തിമ തീർപ്പ് വന്നിരിക്കുന്നു. മാധ്യമങ്ങളും എക്‌സിക്യൂട്ടീവും പരാജയപ്പെടുമ്പോൾ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തീർപ്പാണത്. തടയണ കെട്ടിയും കുന്നിടിച്ചും വയൽ നികത്തിയും തീരദേശം നശിപ്പിച്ചും ജനങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകൾക്ക് ഇതൊരു താക്കീതുമാണ്.

ഇവിടെ വഞ്ചിക്കപ്പെട്ടത് ഫ്‌ലാറ്റുടമകളാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഫ്‌ലാറ്റുകൾ കെട്ടിപ്പൊക്കാൻ സർക്കാരിൻറെ പിന്തുണയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കണം, അവർ ഫ്‌ലാറ്റുകൾ സ്വന്തമാക്കിയത്. നിയമലംഘനത്തിന് കൂട്ടുനിന്നവരെല്ലാം തന്നെയാണ് അവരുടെ നഷ്ടം നികത്തിക്കൊടുക്കേണ്ടത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More