തെക്കൻ ഭാഷ സംസാരിക്കുന്ന കുന്നംകുളത്തുകാരൻ ഇട്ടിമാണി

അശ്വതി ഗോപി/

ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. നവഗത സംവിധായകരായ ജിബി ജോബി കൂട്ടുകെട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ദിഖ് ,കെപിഎസി ലളിത,രാധികാ ശരത്കുമാർ, ഹണി റോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മുഴുനീളഹാസ്യചിത്രമായ ഇട്ടിമാണിയിൽ അജുവർഗീസ്, ധർമ്മജൻ ബോൾഗാട്ടി, സുനിൽ സുഗത, ഹരീഷ് പെരുമണ്ണ തുടങ്ങിയ താരങ്ങളുടെ നീണ്ട നിരതന്നെയുണ്ട് .

തൂവാനത്തുമ്പികൾക്ക് ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. എന്നാൽ ആദ്യഭാഗത്ത് മാത്രമാണ് മോഹൻലാൽ ചിത്രത്തിൽ തൃശൂർ ഭാഷ കൈകാര്യം ചെയ്യുന്നത്.പിന്നീട് അറിഞ്ഞോ അറിയാതെയോ അതിൽ നിന്ന് വഴിമാറുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ചൈനയിൽ ജനിച്ച ഇട്ടിമാണി പിന്നീട് അച്ഛന്റെ മരണത്തിന് ശേഷം അമ്മയോടൊപ്പം സ്വദേശമായ കുന്നംകുളത്ത് സ്ഥിരതാമസമാക്കുന്നു. അമ്മയുടേയും മകന്റേയും സ്‌നേഹ ബന്ധത്തിന്റെ കഥപറയുന്ന സിനിമയിൽ ഇരുവരും തമ്മിലുള്ള ചൈനീസ് സംഭാഷണങ്ങളും കലഹങ്ങളും പ്രേക്ഷകരിൽ ചിരിപടർത്തുന്നുണ്ട്. കുടുംബചിത്രത്തിന്റെ എല്ലാ ചേരുവകളും ഉൾപ്പെട്ട ചിത്രത്തിൽ പക്ഷേ അശ്ലീലചുവയുള്ള ഹാസ്യം കല്ലുകടിയായി.

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും രാധികാ ശരത്കുമാറും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിവാഹ പ്രായമായിട്ടും അവിവാഹിതനായി കഴിയേണ്ടി വരുന്ന ഇട്ടിമാണി പിന്നീട് വിവാഹിതനാകുന്നു. ഇതിന് ശേഷമുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജോലി തിരക്കുകളിൽ രക്ഷിതാക്കളെ നോക്കാത്ത മക്കളെ അതിനിശിതമായി വിമർശിക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. എന്നാൽ ദുർബലമായ തിരക്കഥ പലപ്പോഴും ക്ലീഷേ തമാശകൾക്ക് വഴിമാറി. സാമൂഹ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് ഇട്ടിമാണി തന്റെ കമ്മീഷൻ പണം ഉപയോഗിക്കുന്നത് എന്നതുൾപ്പെടെയുള്ള ഭാഗങ്ങൾ ചേർത്ത് ഇട്ടിമാണിയുടെ ഹീറോ പരിവേഷം നിലിർത്താൻ സംവിധായകർ കിണഞ്ഞ് ശ്രമിച്ചിട്ടുണ്ട്. ദീപക് ദേവിന്റെ സംഗീതത്തിൽ മൂന്ന് ഗാനങ്ങളാണ് ഇട്ടിമാണി മേയ്ഡ് ഇൻ ചൈനയിലുള്ളത്.

മോഹൻലാലും വൈക്കം വിജയലക്ഷ്മിയും ചേർന്ന് പാടിയ ‘കണ്ടോ കണ്ടോ ഇന്നോളം’ എന്ന ഗാനം ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. മോഹൻലാലിന്റെ മാർഗം കളികൊണ്ട് ശ്രദ്ധേയമായ ‘മേലെ മണി മുഴങ്ങുന്ന’ എന്ന് തുടങ്ങുന്നതാണ് ചിത്രത്തിലെ മറ്റൊരു ഗാനം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഇട്ടിമാണിയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷാജി കുമാറാണ്.


ചൈനീസ് ഉത്പന്നങ്ങൾ എന്നും മലയാളികൾക്ക് പ്രിയമാണ്. കാറ്ററിംഗ് സർവീസിനൊപ്പം ചൈനയിലെ പോലെ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ ഉണ്ടാക്കി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഇട്ടിമാണിയുടെ ജീവിതം പറയുന്ന ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ കുടുംബ സദസുകൾക്ക് താൽപര്യം ഉളവാക്കുന്ന കഥാതന്തു ഉള്ളതിനാൽ ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാപ്‌ടോപ്പിലൂടെയുള്ള പെണ്ണുകാണൽ, സ്വന്തം അമ്മയുടെ ചികിത്സയ്ക്ക് ആശുപത്രിയിൽ നിന്ന് കമ്മീഷൻ വാങ്ങുന്ന മകൻ എന്നിവ ഉൾപ്പെടെ ചില രസകരമായ രംഗങ്ങൾ ചിത്രത്തിലുണ്ട്. രാധികാ ശരത്കുമാർ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ പക്ഷേ ഹണിറോസിന് കാര്യമായ റോൾ ഇല്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More