പാലാ തെരഞ്ഞെടുപ്പിൽ പ്രചരണത്തിനിറങ്ങില്ലെന്ന് പ്രഖ്യാപിച്ച പിജെ ജോസഫിനെ അനുനയിപ്പിക്കാൻ മുന്നണി

പാലായിൽ യുഡിഎഫിനൊപ്പം പ്രചരണത്തിനിറങ്ങില്ലെന്ന് പ്രഖ്യാപിച്ച പിജെ ജോസഫിനെ അനുനയിപ്പിക്കാൻ മുന്നണി നേതൃത്വം ഇടപെടുന്നു. ജോസഫുമായി ഘടകകക്ഷി നേതാക്കൾ സംസാരിക്കും. ജോസഫ് വഴങ്ങുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
കേരള കോൺഗ്രസിലെ ചേരിപ്പോര് മുന്നണിക്ക് തലവേദനയായി മാറുന്നതിൽ യുഡിഎഫ് നേതൃത്വത്തിന് ആശങ്കയുണ്ട്. പാലാ മണ്ഡലം കൺവെൻഷനിൽ പിജെ ജോസഫിനെ ജോസ് കെ മാണി പക്ഷം കൂക്കി വിളിച്ചതിൽ നേതാക്കൾ അസംതൃപതി പ്രകടിപ്പിക്കുകയും ചെയ്തു. ജോസഫിനോട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.
പിന്നാലെ കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ പ്രസിദ്ധീകരിച്ച ലേഖനം ജോസഫ് പക്ഷത്തെ ചൊടിപ്പിച്ചു. നേരത്തെ മാണിയുടെ വിശ്വസ്തനായിരുന്ന, നിലവിൽ ജോസഫ് പക്ഷത്തിന്റെ കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനടക്കമുള്ള നേതാക്കൾ കടുത്ത നടപടിക്ക് ജോസഫിനെ പ്രേരിപ്പിച്ചു. പാലായിൽ ജോസഫ് പക്ഷത്തിന് കാര്യമായ സ്വാധീനമില്ലെങ്കിലും ഭിന്നത വഷളാക്കരുതെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ നിലപാട്. കോൺഗ്രസ് നേതാക്കളും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും ജോസഫിനെ അനുനയിപ്പിക്കാൻ മുൻകൈയെടുക്കും. ജോസഫ് പക്ഷത്തിന്റെ ആഗ്രഹവും മുന്നണി നേതൃത്വത്തിന്റെ ഇടപെടലാണ്. ഒപ്പം ജോസ് കെ മാണി പക്ഷത്തിനുള്ള താക്കീതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here