മലയാളി നിർമ്മാതാവിൽ നിന്ന് 1.20 കോടി രൂപ തട്ടിയെടുത്തു; ഹിന്ദി നടനും ഭാര്യയും അറസ്റ്റിൽ

ഹിന്ദി നടൻ പ്രശാന്ത് നാരായണനും ഭാര്യ ഷോണയും തട്ടിപ്പു കേസിൽ അറസ്റ്റിൽ. സിനിമാ നിർമാതാവിൽനിന്ന് 1.20 കോടി രൂപ വഞ്ചിച്ച കേസിലാണ് അറസ്റ്റ്. നിർമാതാവ് തോമസ് പണിക്കരാണു പരാതിക്കാരൻ. പരാതിയുടെ അടിസ്ഥാനത്തിൽ എടക്കാട് പോലീസ് മുംബൈയിൽനിന്നു പ്രശാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണൂർ സ്വദേശിയാണു പ്രശാന്ത് നാരായണൻ.
മുംബൈയിലുള്ള ഇൻടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡിൽ ഡയറക്ടറാക്കാമെന്നു പറഞ്ഞാണു പ്രശാന്ത് 1.20 കോടി രൂപ വാങ്ങി തട്ടിപ്പുനടത്തിയെന്നാണു പരാതിയിൽ പറയുന്നത്. ആറു മാസത്തിനുള്ളിൽ വൻ തുക ലാഭമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും മുംബൈയിലെത്തി കമ്പനിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അത്തരത്തിലൊരു കമ്പനി പ്രവർത്തിക്കുന്നില്ലെന്ന് അറിഞ്ഞതായി തോമസ് പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
തോമസ് പണിക്കർ നിർമിച്ച ‘സിനിമാക്കാരൻ’ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴാണു പ്രശാന്ത് തട്ടിപ്പു നടത്തിയത്. കേരളത്തിൽ എത്തിച്ച പ്രതികളെ റിമാൻഡ് ചെയ്തു. പ്രശാന്ത് നാരായണന്റെ അച്ഛൻ നാരായണൻ, ഭാര്യാ പിതാവ് ചക്രവർത്തി എന്നിവരും കേസിൽ പ്രതികളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here