ദുബായിലെ ഡ്രൈവറില്ലാ മെട്രോ യാത്ര തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട്

ദുബായിലെ ഡ്രൈവറില്ലാ മെട്രോ യാത്ര തുടങ്ങിയിട്ട് 10 വർഷങ്ങൾ തികയുന്നു. 2009 സെപ്തംബർ 9നാണ് മെട്രോ യാത്ര തുടങ്ങിയത്. പത്താം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബുർജ് ഖലീഫയിൽ ദുബായ് മെട്രോയുടെ വിജയഗാഥയുടെ പ്രത്യേക എൽഇഡി ഷോ അരങ്ങേറി.
ദുബായുടെ മുഖഛായ തന്നെ മാറ്റിയതിൽ വലിയ ഒരു പങ്ക് ദുബായ് മെട്രോയ്ക്കുണ്ട്. 2009 സെപ്തംബർ 9 ന് രാത്രി 9 മണി കഴിഞ്ഞ് 9 മിനിറ്റ് 9 സെക്കൻഡിന് ഓടി തുടങ്ങിയ മെട്രോ ഇപ്പോൾ വികസനത്തിന്റെ അടുത്ത ഘട്ടത്തിലാണ്. 10 വർഷങ്ങൾ പൂർത്തിയാകുമ്പോൾ മെട്രോ പാത 2020 എക്‌സ്‌പോ വേദിയിലേക്കും നീളുകയാണ്. എക്‌സ്‌പോ വേദിയിലേക്കുള്ള മെട്രോ പാതയായ റൂട്ട് 2020ന്റെ നിർമാണം അന്തിമഘട്ടത്തിലെത്തി. റെഡ് ലൈനിൽ നഖീൽ ഹാർബർ ആൻഡ് ടവർ സ്റ്റേഷൻ മുതൽ എക്‌സ്‌പോ വേദിയിലേക്കുള്ള 15 കിലോമീറ്റർ പാതയാണ് റൂട്ട് 2020.
യുഎഇ വൈസ് പ്രസിഡന്റ്‌റും ദുബായ് ഭരണാധികാരീയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമദ് ബിൻ റാഷിദ് അൽ മക്തൂമാണ് മെട്രോയ്ക്ക് തുടക്കം കുറിച്ചത്. 1997ൽ രൂപപ്പെട്ട മെട്രോ എന്ന ആശയത്തിന് 2006 ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പുതുതായി തുടങ്ങാനിരിക്കുന്ന റൂട്ടിൽ ഇരുഭാഗത്തേക്കും മണിക്കൂറിൽ 44,000 പേർക്ക് യാത്ര ചെയ്യാനാകും. 50 പുതിയ ട്രെയിനുകൾക്കു കരാർ നൽകിയിട്ടുണ്ട്. ഇതിൽ 15 എണ്ണം എക്‌സ്‌പോ റൂട്ടിലേക്കും 35 എണ്ണം മെട്രോ സർവീസ് മൊത്തത്തിൽ വിപുലമാക്കാനുമാണ്. പുതിയ കോച്ചുകളും ഫ്രാൻസിലാണ് നിർമിക്കുക. ദുബായ് നിവാസികൾക്ക് മികച്ച യാത്ര അനുഭവം നൽകിക്കൊണ്ട് മെട്രോയുടെ കുതിപ്പ് തുടരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here