തബ്രിസ് അൻസാരി മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പ്രതികൾക്കെതിരെ കൊലക്കുറ്റമില്ല

ജാർഖണ്ഡിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട തബ്രിസ് അൻസാരിയുടെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇക്കാരണം കൊണ്ട് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് പൊലീസ് പറയുന്നു. പ്രതികൾക്കെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് കുറ്റപത്രത്തിനെതിരെ നേരത്തേ വിമർശനം ഉയർന്നിരുന്നു.

അൻസാരിയുടെ മൃതദേഹം രണ്ട് തവണ പോസ്റ്റ്‌മോർട്ടം നടത്തിയെന്നും രണ്ട് റിപ്പോർട്ടിലും ഒരേകാര്യമാണ് പറയുന്നതെന്ന് സീനിയർ പൊലീസ് ഓഫീസർ എസ് കാർത്തിക് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഉന്നത നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുടെ ഉപദേശവും കൊലക്കുറ്റം ചുമത്തിയാൽ നിലനിൽക്കില്ലെന്നായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

Read more: ജാർഖണ്ഡിലെ ആൾക്കൂട്ട കൊലപാതകം; അഞ്ച് പേർ അറസ്റ്റിൽ

ജൂൺ 18നാണ് 24കാനായ തബ്രിസ് അൻസാരി ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പിടികൂടിയ സംഘം യുവാവിനെ പോസ്റ്റിൽകെട്ടിയിട്ട് മർദിക്കുകയായിരുന്നു. നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വാർത്തയാകുകയും ചെയ്തിരുന്നു. പന്ത്രണ്ട് പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top