ജിമിക്കി കമ്മലിന്റെ വഴിയിൽ ‘കുടുക്ക്’ പാട്ടും; വീഡിയോ

ഒന്നര വർഷം മുൻപ് ഇന്റർനെറ്റിൽ ഏറ്റവും അധികം ചലനം സൃഷ്ടിച്ചത് ‘ എന്റമ്മേടെ ജിമിക്കി കമ്മൽ’ എന്ന ഗാനമായിരുന്നു. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഗാനം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ പാട്ടിനൊപ്പം ചുവടുവച്ചവരെയാണ് കണ്ടത്. ഈ പാട്ടിന്റെ വഴിയിൽ എത്തിയിരിക്കുകയാണ് മറ്റൊരു അടിച്ചുപൊളി ഗാനം.

ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ ‘കുടുക്ക്’ പാട്ടാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. കോളേജിൽ ഓണാഘോഷ പരിപാടികളിൽ ഈ പാട്ടിനൊപ്പമാണ് വിദ്യാർത്ഥികൾ ഇപ്പോൾ ചുവടുവയ്ക്കുന്നത്. ജിമിക്കി കമ്മലും കുടുക്ക് പാട്ടും പാടിയത് വിനീത് ശ്രീനിവാസനാണ് എന്നുള്ളതാണ്. ഇതിനിടെ കുടുക്ക് പാട്ടിനൊപ്പം നടൻ ഉണ്ണി മുകുന്ദൻ ചുവടുവയ്ക്കുന്ന വീഡിയോയും പുറത്തുവന്നു. നിവിൻ പോളി ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചു.

നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. ഒമ്പത് വർഷങ്ങൾക്ക് ശേഷം മലർവാടി ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിൻ പോളിയും നയൻതാരയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഭഗത് മാനുവൽ, അജു വർഗീസ്, ഹരികൃഷ്ണൻ, ദീപക് പറമ്പേൽ, ശ്രീനിവാസൻ, മല്ലിക സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമിച്ചത്. ഷാൻ റഹ്മാന്റേതാണ് സംഗീതം. ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ജോമോൻ ടി ജോണാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top