കായംകുളത്ത് ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയുമായി മുങ്ങിയ പ്രതി അറസ്റ്റില്‍

ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയുമായി മുങ്ങിയ പ്രതി അറസ്റ്റില്‍. കായംകുളം പൊലീസ് ആണ് മാര്‍ത്താണ്ഡം സ്വദേശി രാജേഷിനെ കേരള അതിര്‍ത്തിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ബൈക്ക് മോഷണം ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായത്.

കഴിഞ്ഞ മാസം 29 നായിരുന്നു മോഷണം നടന്നത്. കായംകുളം പുതിയിടം കാര്‍ത്തിക സ്റ്റുഡിയോ ഉടമ ശിവകുമാറിനെ ജണഉ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ചിത്രങ്ങള്‍ എടുക്കാന്‍ കൂട്ടികൊണ്ട് പോയി വഴിയില്‍ വെച്ച് അടിച്ച് വീഴ്ത്തിശേഷം പ്രതിക്യാമറയുമായി കടന്ന് കളയുകയായിരുന്നു. ഇയാളെയാണ് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ തമിഴ് നാട്ടില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ.എം ടോമിയുടെ നിര്‍ദേശ പ്രകാരം കായംകുളം ഡിവൈഎസ്പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസറര്‍മാരായ രാജേഷ് ആര്‍. നായര്‍, എസ്.ബിനുമോന്‍ എന്നിവരെ അനേഷണത്തിനായി നിയോഗിച്ചു. തുടര്‍ച്ചയായ നാലു ദിവസത്തെ അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തേക്കു കടന്നതായി സൂചന ലഭിച്ച പ്രതിയെ നിരീക്ഷിച്ച് അതി സാഹസികമായാണ് പിന്തുടര്‍ന്ന് പിടികൂടിയത്.

കായംകുളം എസ്‌ഐ കെ.സുനിമോന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.എസ് യേശുദാസ് സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീനാഥ് രാജേഷ്. ആര്‍. നായര്‍, എസ്. ബിനുമോന്‍ എന്നിവരാണ് പൊഴിയൂരില്‍ വച്ച് പ്രതി രാജേഷിനെ അറസ്റ്റ് ചെയ്തത്. കായംകുളത്തെ ക്യാമറ കവര്‍ന്നത്
കൂടാതെ കൊല്ലം കരുനാഗപ്പള്ളിയിലെ യൂസ്ഡ് ബൈക്കുകള്‍ വില്‍ക്കുന്ന കടയില്‍ നിന്നും തണ്ടര്‍ബേര്‍ഡ് ഇനത്തില്‍പ്പെട്ട ബുള്ളറ്റ് കവര്‍ന്നതായും, ഈ ബൈക്ക് ഉപയോഗിച്ച് കേരളത്തിലെയും കന്യാകുമാരിയിലെയും സ്റ്റുഡിയോ ഉടമകളെയും ജീവനക്കാരെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരന്‍ എന്നാ വ്യാജേന കബളിപ്പിച്ചു ക്യാമറകള്‍ കവര്‍ന്നതായി ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായി. കവര്‍ന്നെടുക്കുന്ന ക്യാമറകള്‍ തമിഴ്‌നാട്ടിലെ നാഗര്‍ കോവിലിനടുത്തുള്ള കോട്ടാര്‍ എന്ന സ്ഥലത്തായിരുന്നു ഇയാള്‍ ചുരുങ്ങിയ വിലയ്ക്ക് വിറ്റിരുന്നത്. തമിഴ്നാട്ടില്‍ കൊലക്കുറ്റത്തിന് ജയിലില്‍ ശിക്ഷ കഴിഞ്ഞ് ഇയാള്‍ ജാമ്യത്തിലിറങ്ങിയിട്ട് ആറു മാസം ആയിട്ടേയുള്ളു. മുന്‍പ് വെണ്മണിയില്‍ പിടിച്ചു പറി കേസില്‍ രണ്ടര വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top