ട്രാഫിക്ക് നിയമലംഘനം; പിഴ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം

മോട്ടോർ വാഹന നിയമലംഘനങ്ങൾക്കുള്ള പിഴ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ. ഭേദഗതി ചെയ്ത വൻപിഴത്തുക ഈടാക്കാൻ കഴിയില്ലെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ അടക്കം നിലപാട് വ്യക്‌തമാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം. കേരളത്തിലെ പിഴത്തുകയിൽ നിലപാടെടുക്കാൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഈമാസം പതിനാറിന് ഉന്നതതല യോഗം വിളിച്ചിരുന്നു.

പിഴത്തുക കുത്തനെ ഉയർത്തികൊണ്ടുള്ള മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ബിജെപി ഭരിക്കുന്ന ഗുജറാത്ത് അടക്കം സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ നിലപാട് അറിയിച്ചിരുന്നു. പുതിയ പിഴസംവിധാനം ഏർപ്പെടുത്താനും ഗുജറാത്ത് തത്വത്തിൽ തീരുമാനിച്ചിരുന്നു. പ്രതിപക്ഷ സംഘടനകളും എതിർപ്പുമായി രംഗത്തെത്തി. ഇതിനിടെയാണ് പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്‌തമാക്കിയത്.

പിഴത്തുക ഉയർത്തിയത് വരുമാനം വർധിപ്പിക്കാനല്ല, അപകടങ്ങൾ കുറയ്ക്കാനാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പിഴ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് വ്യക്‌തത വരുത്തിയ ഉത്തരവ് കേന്ദ്രസർക്കാർ ഉടൻ പുറത്തിറക്കും.

കേരളത്തിന്റെ നിലപാട് തീരുമാനിക്കാൻ അടുത്ത തിങ്കളാഴ്ച്ച ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഓണസമയത്ത് വൻപിഴ ഈടാക്കേണ്ടതില്ല എന്നായിരുന്നു ഇതുവരെ കേരളത്തിന്റെ നിലപാട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top