‘കുഞ്ഞിനെ മനഃപ്പൂർവ്വം ഉപേക്ഷിച്ചെന്ന് മാത്രം പറയരുത്’; ജീപ്പിൽ നിന്നും വീണ് അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ

ഇടുക്കി രാജാക്കാട് ജീപ്പിൽ നിന്ന് വീണ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുഞ്ഞ് ഇഴഞ്ഞ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്ന തരത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ ആരോപണങ്ങളെയെല്ലാം തള്ളി കുഞ്ഞിന്റെ മാതാപിതാക്കൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തങ്ങൾ കുഞ്ഞിനെ മനഃപൂർവ്വം വഴിയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മാതാപിതാക്കൾ പറയുന്നു. തന്റെ മൂന്നാമത്തെ കുഞ്ഞാണ് രോഹിത. തങ്ങൾ അമ്മുവെന്ന് വിളിക്കുന്ന അവൾക്ക് ഒരു വയസ്സു കഴിഞ്ഞു. 2018ലെ പ്രളയസമയത്തായിരുന്നു അമ്മുവിന്റെ ജനനം. ഒരു വയസ്സുതികഞ്ഞ മകളും കുടുംബാംഗങ്ങളുമൊത്ത് താൻ ഞായറാഴ്ച രാവിലെ പഴനിക്ക് പുറപ്പെട്ടത്. തകർന്നുവീഴാറായ വീടിനുപകരം പുതിയതൊന്ന് കെട്ടാൻ മുരുകന്റെ അനുഗ്രഹമുണ്ടാകണമെന്നും അതിനായി പഴനിയിൽപോയി പ്രാർഥിക്കണമെന്നും ഭാര്യ സത്യഭാമ നിത്യവും പറഞ്ഞിരുന്നു. വൈകിട്ട് പഴനിയിൽനിന്നും തിരികെ പുറപ്പെട്ടു.
Read Also : ജീപ്പിൽ നിന്ന് വീണ കുഞ്ഞ് ഇഴഞ്ഞ് നീങ്ങി ഫോറസ്റ്റ് ഓഫീസിൽ; അദ്ഭുതകരമായ രക്ഷപ്പെടൽ; വീഡിയോ
യാത്രാസംഘത്തിൽ കുട്ടികൾ വേറെയും ഉണ്ടായിരുന്നതിനാൽ പലരും മാറിമാറിയായിരുന്നു കുട്ടികളെ എടുത്തിരുന്നത്. യാത്രാമധ്യേ മറയൂരിലെ ബന്ധുവീട്ടിലിറങ്ങി ഭക്ഷണം കഴിച്ചു. ആറുമാസംമുമ്പ് ഉണ്ടായ അസുഖത്തെ തുടർന്ന് ഭാര്യ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചശേഷം മറയൂരിൽവച്ച് ഭാര്യ മരുന്നും കഴിച്ചു. ഈ മരുന്നുകഴിച്ചാൽ ഉറക്കവും ക്ഷീണവും പതിവാണ്. തങ്ങൾ യാത്ര തുടർന്നു. ഇതിനിടയിൽ പാൽ കുടിക്കാനായി കരഞ്ഞ കുഞ്ഞിനെ കൂടെയുണ്ടായിരുന്ന ബന്ധു ഭാര്യക്ക് കൈമാറി.
തല മൊട്ടയടിച്ചിരുന്നതിനാൽ ചൊറിച്ചിൽ അനുഭവപ്പെട്ട കുഞ്ഞിന്റെ ശരീരത്തു നിന്നും വസ്ത്രം ഊരി മാറ്റിയിരുന്നു. ഇക്കാരണം കൊണ്ടു തന്നെ ഭാര്യ കുഞ്ഞിനെ ടർക്കി ഉപയോഗിച്ച് പൊതിഞ്ഞായിരുന്നു പിടിച്ചിരുന്നത്.സമയം പിന്നിട്ടപ്പോൾ എല്ലാവരും ഉറക്കത്തിലാണ്ടു.ഇതിനിടയിലാണ് കുഞ്ഞ് വാഹനത്തിൽ നിന്നും തെറിച്ചുവീണത്. കമ്പിളികണ്ടത്തെത്തി ജീപ്പിൽ നിന്നും എല്ലാവരും ഇറങ്ങി.കൂടെയുണ്ടായിരുന്ന കുട്ടികളെ പലരും എടുത്ത് പിടിച്ചിരുന്നതിനാൽ അമ്മുവിനെ മാത്രം ആരും പ്രത്യേകമായി ശ്രദ്ധിച്ചില്ല.
വീട്ടിലേക്ക് പോകാൻ ഓട്ടോയിൽ കയറാൻ ശ്രമിക്കുമ്പോഴാണ് കുഞ്ഞില്ലെന്ന് വിവരം തിരിച്ചറിയുന്നത്. കൂട്ടക്കരച്ചിലായി. ജീപ്പിനുള്ളിലും വാഹനത്തിനടിയിലുമെല്ലാം അരിച്ചുപെറുക്കി. തങ്ങളുടെ ബഹളംകേട്ട് ടൗണിൽ പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തി. വിവരമറിയിച്ചതോടെ അവർ വെള്ളത്തൂവൽ സ്‌റ്റേഷനുമായി ബന്ധപ്പെട്ടു.
എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്നതിനിടയിൽ കുട്ടിയെ മൂന്നാറിൽ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വന്ന ജീപ്പിൽ തന്നെ മൂന്നാറിലെത്തി കുട്ടിയെ കണ്ടപ്പോഴാണ് ശ്വാസം തിരിച്ചു കിട്ടിയതെന്നും സതീഷ് പറയുന്നു. പൊന്നുപോലെ നോക്കുന്ന തന്റെ കുഞ്ഞിനെ മനഃപൂർവ്വംവഴിയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചുവെന്ന് മാത്രം പറയരുതെന്ന് സതീഷിന്റെ ഭാര്യ സത്യഭാമയും കരച്ചിലോടെ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here