സോയ ഫാക്ടർ ട്രെയിലർ; ദുൽഖറിനും സോനം കപൂറിനും ആശംസകളറിയിച്ച് സച്ചിൻ

ദുൽഖർ സൽമാൻ്റെ രണ്ടാം ബോളിവുഡ് ചിത്രം ‘സോയ ഫാക്ടറി’ൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സോനം കപൂറാണ് ചിത്രത്തിലെ നായികയായി വേഷമിട്ടത്. മികച്ച പ്രതികരണമാണ് ട്രെയിലറിനു ലഭിച്ചത്. ഇപ്പോഴിതാ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ ദുൽഖറിനും സോനം കപൂറിനും ആശംസകളറിയിച്ച് രംഗത്തു വന്നിരിക്കുകയാണ്.

‘ദി സോയ ഫാക്ടറിൻ്റെ ട്രെയിലർ കണ്ടു. എൻ്റെ നല്ല സുഹൃത്ത് അനിൽ കപൂറിൻ്റെ മകൾ സോനം കപൂറിനും ദുൽഖറിനും ആശംസകൾ”- സച്ചിൻ ട്വിറ്ററിലൂടെ കുറിച്ചു. ദുൽഖറിനെയും സോനം കപൂറിനെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു സച്ചിൻ്റെ ട്വീറ്റ്. മലയാളികൾ സച്ചിൻ്റെ ട്വീറ്റ് ഏറ്റെടുത്തു കഴിഞ്ഞു.

അഭിഷേക് ശർമയാണ് ദി സോയ ഫാക്ടർ സംവിധാനം ചെയ്തിരിക്കുന്നത്. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ്, പൂജ ഷെട്ടി, ആരതി ഷെട്ടി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം 2008 ൽ പുറത്തിറങ്ങിയ അനൂജ ചൗഹാന്റെ ‘ദി സോയ ഫാക്ടർ’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ്.

ചിത്രത്തിൽ ‘സോയ’ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സോനം കപൂറാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നിഖിൽ ഖോഡയുടെ വേഷമാണ് ദുൽഖർ കൈകാര്യം ചെയ്യുന്നത്.

സ്വന്തം ജീവിതത്തിൽ ഭാഗ്യദേവത ഒരിക്കൽ പോലും കടാക്ഷിക്കാത്ത സോയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യ ചിഹ്നമായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിൽ ദുൽഖറിനും സോനമിനും പുറമെ സഞ്ജയ് കപൂർ, അംഗദ് ഭേദി, മനു റിഷി, രാഹുൽ ഖന്ന എന്നിവരും വേഷമിടുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top