ഉന്നാവ് പീഡനക്കേസ്; ഇരയുടെ മൊഴി ഡല്‍ഹി എയിംസിലെ താത്ക്കാലിക കോടതി രേഖപ്പെടുത്തി

ഉന്നാവ് പീഡനക്കേസ് ഇരയുടെ മൊഴി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഒരുക്കിയ താത്ക്കാലിക കോടതി രേഖപ്പെടുത്തി. മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറെ അടക്കം എയിംസിലെത്തിച്ചായിരുന്നു വിചാരണ. എയിംസിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

വാഹനാപകടത്തെ തുടര്‍ന്ന്, നിലവില്‍ ഡല്‍ഹി എയിംസില്‍ ചികില്‍സയിലാണ് പെണ്‍കുട്ടി. അതിവേഗ വിചാരണയ്ക്ക് സുപ്രീംകോടതി ഉത്തരവിട്ടതോടെ ആശുപത്രിയില്‍ തന്നെ വിചാരണ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.എയിംസിലെ ട്രോമാ സെന്ററില്‍ ഒരുക്കിയ താത്ക്കാലിക കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സ്വതന്ത്രവും നിര്‍ഭയവുമായി മൊഴി നല്‍കാന്‍ പെണ്‍കുട്ടിയും പ്രതികളുമായി മുഖാമുഖം വരുന്ന സാഹചര്യം ഒഴിവാക്കിയിരുന്നു. മൊഴി രേഖപ്പെടുത്തുന്നതിന് മുന്‍പ് പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു.

രഹസ്യവിചാരണയായതിനാല്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. വിചാരണ അവസാനിക്കും വരെ താത്ക്കാലിക കോടതിക്ക് സമീപത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് സെഷന്‍സ് ജഡ്ജി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിബിഐയുടെയും പ്രതി കുല്‍ദീപ് സിങ് സെന്‍ഗറിന്റെയും അഭിഭാഷകര്‍ ഹാജരായിരുന്നു. 2017ലാണ് ബിജെപി എംഎല്‍എയ്‌ക്കെതിരെ പെണ്‍കുട്ടി പീഡന ആരോപണമുന്നയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top