Advertisement

ഇറാൻ വനിതകൾക്ക് സ്റ്റേഡിയത്തിൽ മത്സരം കാണാനുള്ള അവസരമൊരുക്കുമെന്ന് ഫിഫ; ഫുട്ബോൾ അസോസിയേഷനുമായി ചർച്ച നടത്തും

September 12, 2019
Google News 1 minute Read

ഇറാനിയൻ യുവതി സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം കാണാനെത്തി മരണപ്പെട്ട സംഭവത്തിൽ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പ്രതികരണവുമായി ഫിഫ. ഇറാനിൽ വനിതാ ആരാധകർക്കും സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം കാണാനുള്ള അവസരമൊരുക്കാൻ ശ്രമിക്കുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്. യുവതിയുടെ മരണത്തിന് ഒരാഴ്ചയ്ക്കു ശേഷമാണ് വിഷയത്തിൽ ഫിഫ പ്രതികരിച്ചത്.

ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കാണാനുള്ള അവസരം വനിതകൾക്കു കൂടി ഒരുക്കണമെന്ന് ഇറാൻ ഫുട്ബോൾ അസോസിയേഷനോട് ആവശ്യപ്പെടുമെന്ന് ഫിഫ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫുട്ബോൾ അസോസിയേഷനുമായി മാത്രമേ ഇക്കാര്യത്തിൽ ഫിഫ കൂടിക്കാഴ്ച നടത്തൂ എന്നാണ് വിവരം. രാജ്യനിയമവുമായി ബന്ധപ്പെട്ട വിഷയമായതു കൊണ്ട് തന്നെ ഇക്കാര്യത്തിൽ അവസാന വാക്ക് പറയാൻ ഫുട്ബോൾ അസോസിയേഷന് സാധിക്കില്ല.

1981ലാണ് കായിക മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കാണുന്നതിൽ നിന്നും ഇറാൻ യുവതികളെ തടഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ഇറാൻ നിയമത്തെ മറികടന്ന്, സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തിയ ഇറാനിയൻ യുവതി സഹർ മരണത്തിനു കീഴടങ്ങിയത്. മത്സരം കാണാനെത്തിയതിനെത്തുടർന്ന് അറസ്റ്റിലാവുകയും അതിൽ പ്രതിഷേധിച്ച് സ്വയം തീക്കൊളുത്തുകയും ചെയ്തതാണ് മരണ കാരണം.

ഫുട്‌ബോള്‍ മത്സരങ്ങള്‍ സ്‌റ്റേഡിയത്തില്‍ പോയി കണ്ടതിന് കഴിഞ്ഞ മാര്‍ച്ചിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി ടെഹ്‌റാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് യുവതി കോടതിക്ക് പുറത്ത് സ്വയം തീക്കൊളുത്തിയത്.

ഇറാനില്‍ വനിതകള്‍ക്ക് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഇത് മറികടന്ന് ഇസ്‌റ്റെഗ്ലാലിന്റെ മത്സരങ്ങള്‍ കാണാന്‍ എത്തിയിരുന്ന ആരാധികയെ കഴിഞ്ഞ മാര്‍ച്ചിലാണ് ടെഹ്‌റാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഇസ്‌റ്റെഗ്ലാല്‍-അല്‍ ഐൻ മത്സരം കാണാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇതിനെതിരെ നിയമ പോരാട്ടം നടത്തിയെങ്കിലും യുവതിയെ ആറ് മാസം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ഈ വിധിയില്‍ നിരാശയായ യുവതി പ്രതിഷേധ സൂചകമായി സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

സ്ത്രീകളെ സ്‌റ്റേഡിയത്തില്‍ നിന്ന് വിലക്കുന്നത് ഫിഫ നിയമത്തിന്റെ ലംഘനമായിട്ടു പോലും ഇറാനില്‍ സ്ത്രീകള്‍ ഈ വിലക്ക് നേരിട്ടു പോരുന്നുണ്ട്. അതേസമയം ആരാധികയുടെ ആത്മഹത്യാ ശ്രമം വലിയ പ്രതിഷേധമാണ് ആരാധകര്‍ക്കിടയില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇറാനിയൻ മാധ്യമപ്രവർത്തകരും നിയമത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

ഇറാൻ കളിക്കാരും തങ്ങളുടെ ആരാധികയുടെ അവസ്ഥയിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇറാൻ ക്യാപ്റ്റൻ മസൂദ് ശുജായി നിയമത്തിനെതിരെ പരസ്യമായി പ്രതികരിച്ചു. നമ്മുടെ സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പോയി ഫുട്ബോൾ മത്സരം കാണാൻ അനുവാദമുണ്ടായിരുന്നില്ല എന്നത് നാളെയൊരിക്കൽ അടുത്ത തലമുറയെ ഞെട്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വെറുപ്പുളവാക്കുന്ന നിയമങ്ങൾക്ക് മാറ്റം വരുത്തണെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here