മോട്ടോര്‍ വാഹന നിയമ ഭേദഗതി; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി സംസാരിക്കും

മോട്ടോര്‍ വാഹന നിയമ ഭേദഗതി സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി സംസാരിക്കും. ഉയര്‍ന്ന പിഴ തുക റോഡ് അപകടങ്ങള്‍ കുറക്കുന്നതിനുള്ള മാര്‍ഗമാണെന്ന കാര്യം ബോധ്യപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് മന്ത്രിയുടെ ഇടപെടല്‍. മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് അടക്കം ശക്തമായ പ്രതിഷേധമുയര്‍ന്നതോടെയാണ് മുഖ്യമന്ത്രിമാരുമായി സംസാരിക്കാന്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി തീരുമാനിച്ചത്.

പലയിടങ്ങളിലും നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളുമായി ഏറ്റുമുട്ടുന്ന സാഹചര്യമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധം നിയമ ഭേദഗതിക്കെതിരെയുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എതിര്‍പ്പ് കേന്ദ്ര സര്‍ക്കാരിനെയും ദേശീയ നേതൃത്വത്തെയും പ്രതിരോധത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയതിന് പിന്നാലെ മുഖ്യമന്ത്രിമാരുമായി ഫോണിലൂടെ സംസാരിക്കാന്‍ ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി തയ്യാറാവുകയായിരുന്നു.

അതേ സമയം, ഭേദഗതിയില്‍ മാറ്റം വരുത്തുന്ന കാര്യത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കാനില്ലെന്ന സൂചനയാണ് നിതിന്‍ ഗഡ്ഗരി നല്‍കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പുതിയ നിയമം നടപ്പിലാക്കില്ലെന്ന നിലപാടിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top