തൊടുപുഴ ബാറിലെ ആക്രമണം; ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

ഇടുക്കി തൊടുപുഴ ബാറിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടുന്ന കണ്ടാൽ അറിയാവുന്ന നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അതേസമയം കേസിൽ ഉൾപ്പെട്ട നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി.വൈ.എഫ്.ഐ തൊടുപുഴ ബ്ലോക്ക് കമ്മറ്റി അറിയിച്ചു.

ഇന്നലെ പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു ബാറിൽ ആക്രമണം നടന്നത്. അവധി ദിനമായതിനാലും ഒരു മണി കഴിഞ്ഞതിനാലും മദ്യം തരാനാവില്ലെന്ന് പറഞ്ഞതോടെ നാലംഗസംഘം ജീവനക്കാരോട് തട്ടിക്കയറുകയും മർദിക്കുകയായിരുന്നു. കൗണ്ടറിൽ അതിക്രമിച്ച് കയറി പണം തട്ടിയെടുത്തതായും ബാർ ജീവനക്കാർ പറഞ്ഞിരുന്നു. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top