മരട് ഫ്‌ളാറ്റ് വിഷയം; ഫ്‌ളാറ്റ് ഉടമകൾ കുടിയിറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്ന് സിപിഐഎം; സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് പ്രതിപക്ഷം

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ഫ്‌ളാറ്റ് ഉടമകളുടെ സമരത്തിന് പിന്തുണയുമായി രാഷ്ട്രീയ കക്ഷികൾ. സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ഫ്‌ളാറ്റിലെ താമസക്കാർക്ക് കുടിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഫ്‌ളാറ്റിന് മുന്നിൽ ഉടമകളുടെ റിലേ നിരാഹാരസമരം ഇന്ന് വൈകിട്ട് തുടങ്ങും.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ താമസം ഒഴിയണമെന്ന മരട് നഗരസഭയുടെ നോട്ടീസ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സമരം ശക്തമാക്കി ഫ്‌ളാറ്റ് ഉടമകൾ ധർണ നടത്തുന്നത്.  സിപിഐഎം, കോൺഗ്രസ്, ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്. രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരക്കാരെ സന്ദർശിച്ചു. സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Read Also : മരട് ഫ്‌ളാറ്റ് വിഷയം; ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നൽകിയ കാലാവധി ഇന്ന് അവസാനിക്കും

പിന്നീട് സമരത്തിന് ഐക്യദാർഢ്യവുമായെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുന്നിൽ ഫ്‌ളാറ്റ് ഉടമകൾ തങ്ങളുടെ ആശങ്ക പങ്കുവച്ചു. ഫ്‌ളാറ്റിലെ താമസക്കാർക്ക് ഒപ്പമാണ് സിപിഎമെന്നും വിഷയത്തിൽ നിയമപരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും കോടിയേരി പറഞ്ഞു. തുടർന്ന് നടത്തിയ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ധർണ കോടിയേരി ഉദ്ഘാടനം ചെയ്തു. ഫ്‌ളാറ്റ് പൊളിക്കാനെത്തിയാൽ അവരെ തടയുമെന്ന് സമരപരിപാടിയ്ക്ക് അധ്യക്ഷത വഹിച്ച സ്ഥലം എംഎൽഎ എം.സ്വരാജ് പറഞ്ഞു.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ചലച്ചിത്ര രംഗത്തെ പ്രമുഖരും സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top