കേന്ദ്രം സാമ്പത്തികനയം തിരുത്താതെ സമ്പദ്‌വ്യവസ്ഥയിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി തോമസ് ഐസക്

കേന്ദ്രം സാമ്പത്തികനയം തിരുത്താതെ സമ്പദ്‌വ്യവസ്ഥയിൽ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും മന്ത്രി ആരോപിച്ചു.
പണപ്പെരുപ്പമല്ല, നിലവിൽ വിലക്കയറ്റമാണുള്ളതെന്നും തോമസ് ഐസക് പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം അൻപത് ശതമാനമായി വർധിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. എന്നാൽ, വിഹിതം വെട്ടികുറയ്ക്കാനും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
സാമ്പത്തിക മാന്ദ്യം നേരിടാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരായണ് തോമസ് ഐസകിന്റെ പ്രതികരണം. കയറ്റുമതിയും അഭ്യന്തര ഉത്പാദനവും കൂട്ടാൻ നടപടികൾ കൈക്കൊള്ളുമെന്ന് നിർമല സീതാരാമൻ പറഞ്ഞിരുന്നു. 2020ൽ പുതിയ നികുതി നിയമം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 25 ലക്ഷത്തിൽ താഴെയുള്ള നികുതി വെട്ടിപ്പിന് ശിക്ഷ ഒഴിവാക്കിയത് പ്രധാന പ്രഖ്യാപനമായി.
കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കോൺഗ്രസും രംഗത്തെത്തി. ബിജെപിക്കും മന്ത്രിമാർക്കും ദിശാബോധം നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പ്രതികരിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വാർത്താസമ്മേളനം നിരാശാജനകമായിരുന്നുവെന്നും ആനന്ദ് ശർമ പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here