ഇനി ‘ബൈജൂസ്’ ഇന്ത്യ; ഇന്നത്തെ ആദ്യ മത്സരം മഴ മുടക്കാൻ സാധ്യത

ബൈജൂസ് ജേഴ്സിയിൽ കളിക്കുന്ന ആദ്യ മത്സരം മഴ മുടക്കാൻ സാധ്യത. ധർമശാലയിൽ തുടരുന്ന മഴയിൽ ഇതു വരെ ടോസ് പോലും നടന്നിട്ടില്ല. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ഔട്ട്ഫീൽഡ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതു കൊണ്ട് തന്നെ കളി ഉപേക്ഷിക്കാനാണ് സാധ്യത. മഴ ഇടക്കിടെ കുറയുന്നുണ്ടെങ്കിലും കളി നടക്കാനിടയില്ല.

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയ്ക്ക് പകരമാണ് ബൈജൂസ് ആപ്പ് ഇന്ത്യൻ ടീമിൻ്റെ ജേഴ്സി സ്പോൺസർമാരായത്. 2017 മാര്‍ച്ച് മുതല്‍ അഞ്ചു വര്‍ഷത്തേക്കായിരുന്നു ബിസിസിഐയും ഓപ്പോയും തമ്മില്‍ ഒപ്പിട്ട കരാര്‍. സ്‌പോണ്‍സര്‍ തുക 1,079 കോടി രൂപ. എന്നാല്‍ പാതി വഴിയില്‍ പിന്മാറാന്‍ ഓപ്പോ തീരുമാനിച്ചു. ഇതിനെ തുടര്‍ന്നാണ് അടുത്ത മൂന്നു വര്‍ഷത്തേക്ക് ബൈജൂസുമായി ബിസിസിഐ ധാരണയില്‍ എത്തുന്നത്.

2022 മാര്‍ച്ച് 31 -ന് കരാര്‍ കാലാവധി അവസാനിക്കും. ഇന്നലെ ധര്‍മ്മശാലയില്‍ നായകന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശര്‍മ്മ, മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി എന്നിവര്‍ ചേര്‍ന്നാണ് പുതിയ ജേഴ്‌സി പ്രകാശനം ചെയ്തത്. പുതിയ ലോഗോ പതിപ്പിച്ച ജേഴ്‌സിയുമായി ഇന്ത്യന്‍ സംഘം ശനിയാഴ്ച്ച ധര്‍മ്മശാലയില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു.

കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രനാണ് വിദ്യാഭ്യാസ രംഗത്തു പുതുവിപ്ലവത്തിന് തുടക്കമിട്ട ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍. സ്റ്റാര്‍ട്ടപ്പ് ആശയമായി തുടങ്ങിയ ബൈസൂസ് ലേണിങ് ആപ്പിന് ഇന്ത്യയ്ക്കകത്തും പുറത്തും സ്വീകാര്യത ലഭിക്കാന്‍ വലിയ കാലതാമസമെടുത്തില്ല. പുതിയ കണക്കുകള്‍ പ്രകാരം 38,000 കോടി രൂപയാണ് ബൈജൂസിന്റെ വിപണി മൂല്യം. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും കൂടി നടത്തുന്ന ചാന്‍ – സക്കര്‍ബര്‍ഗ് സംഘടനയ്ക്ക് ബൈജൂസില്‍ നിക്ഷേപമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top