വടം വലിയും സുന്ദരിക്ക് പൊട്ടു തൊടലും; ഓണാഘോഷം പൊടിപൊടിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങൾ: വീഡിയോ

ഓണാഘോഷം പൊടിപൊടിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. വടം വലിച്ചും സുന്ദരിക്ക് പൊട്ടുതൊട്ടും തനി മലയാളികളായ താരങ്ങൾ ഓണ സദ്യയും ആസ്വദിച്ചു. കൊച്ചിയിൽ നടന്ന ഓണാഘോഷ പരിപാടിയായിരുന്നു വേദി. വിദേശികളും അന്യസംസ്ഥാനക്കാരുമായ താരങ്ങൾക്ക് വേറിട്ട അനുഭവമായി ഓണാഘോഷം.
കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓണാഘോഷ പരിപാടിയിൽ വടംവലി മത്സരമായിരുന്നു ഹൈലൈറ്റ്. കസവു മുണ്ടും ഷർട്ടും ധരിച്ച് കേരളീയ വേഷത്തിൽ കോച്ച് ഇൽക്കോ ഷെട്ടോരിയും സംഘവും എത്തി. ടി പി രഹനേഷിന്റെയും ബിലാൽ ഖാന്റെയും നേതൃത്വത്തിൽ ഇരു ടീമുകളായി തിരിഞ്ഞ് ആവേശം നിറച്ച വടംവലി. മുഖ്യ പരിശീലകൻ ഷെട്ടോരിയും അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദും കൂടി കളത്തിൽ എത്തിയതോടെ ആവേശം ഇരട്ടിയായി.
സുന്ദരിക്ക് പൊട്ടു തൊടലായിരുന്നു അടുത്ത മത്സരയിനം. സുന്ദരിക്ക് പൊട്ടു തൊടാൻ ഇൽക്കോ ഷെട്ടോരിയും, വിദേശ താരങ്ങളും മൽസരിച്ചു. എന്നാൽ അവസാനം മത്സരിച്ച മരിയോ ആർക്കേസ് ആയിരുന്നു വിജയി.
തുടർന്ന് ഓണസദ്യ. വിദേശ താരങ്ങളും ഇതര സംസ്ഥാന താരങ്ങളും വാഴയിലയിലെ സദ്യ നന്നായി ആസ്വദിച്ചു. സദ്യക്കുശേഷം ഓണക്കളികൾക്കായി മലയാളി താരങ്ങൾ മുണ്ട് മടക്കി കുത്തിയതോടെ വിദേശ താരങ്ങൾക്കും ആവേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here