പാലായില്‍ തെരഞ്ഞെടുപ്പ് പ്രചരണം ആവേശക്കൊടുമുടിയില്‍; സ്ഥാനാര്‍ത്ഥികളുടെ മണ്ഡല പര്യടനം ഇന്നും തുടരും

പാലായില്‍ തെരഞ്ഞെടുപ്പ് പ്രചരണം ആവേശക്കൊടുമുടിയില്‍ .യുഡിഎഫിന്റെ കുടുംബയോഗങ്ങളില്‍ ഉമ്മന്‍ ചാണ്ടി ,രമേശ് ചെന്നിത്തല എന്നിവരും എല്‍ഡിഎഫിന്റെ കുടുംബ യോഗങ്ങളില്‍ മന്ത്രിമാരും പങ്കെടുക്കും. സ്ഥാനാര്‍ത്ഥികളുടെ മണ്ഡല പര്യടനം ഇന്നും തുടരും.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ബെന്നി ബെഹന്നാന്‍ എന്നിവര്‍ പാലായില്‍ തങ്ങി യുഡിഎഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. വിവിധ കുടുംബയോഗങ്ങളില്‍ ഇവര്‍ പങ്കെടുക്കും. നാളെ ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പാലായിലെത്തും. ഇടതു മുന്നണിയുടേയും സി പി എമ്മിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാലായില്‍ നിന്നു മടങ്ങി. പ്രചരണ യോഗങ്ങളിലൊന്നും കോടിയേരി പ്രസംഗിച്ചില്ല. പാലായിലുണ്ടായിരുന്ന മൂന്ന് ദിവസവും ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തന വിലയിരുത്തലാണ് കോടിയേരി നടത്തിയത്. സിപിഎം ഏരിയ കമ്മറ്റി ഓഫീസിലും വിവിധ പഞ്ചായത്തുകളിലുമായിരുന്നു വിലയിരുത്തല്‍. മന്ത്രിമാരായ എംഎം മണി, ജി സുധാകരന്‍, സി.രവീന്ദ്രനാഥ്, എന്നിവരും
കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രി ബുധനാഴ്ച മുതല്‍ മൂന്നു ദിവസം പാലായില്‍ തുടരും. ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള ഇന്ന് വീണ്ടും പാലായിലെത്തും. ത്രിപുരയില്‍ ബിജെപി തന്ത്രം മെനഞ്ഞ സുനില്‍ ദിയോധര്‍ ചൊവ്വാഴ്ച പാലായിലെത്തും. രണ്ടു ദിവസം ദിയോധര്‍ പാലായിലുണ്ടാകും. കേന്ദ്രമന്ത്രി വി.മുരളീധരന്‍ 20 ന് കുടുംബയോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു 19 ന് പാലായിലെത്തും. . സുരേഷ് ഗോപി യും പാലായില്‍ പ്രചാരണത്തിന് എത്തുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top