ആത്മഹത്യാ വാർത്തകൾക്ക് അമിത പ്രാധാന്യം വേണ്ട; മാധ്യമങ്ങൾക്ക് മാർഗനിർദേശം

ആത്മഹത്യാ വാർത്തകൾക്ക് അമിത പ്രാധാന്യം നൽകരുതെന്ന് മാധ്യമങ്ങൾക്ക് മാർഗ നിർദേശം. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. ആത്മഹത്യാ വാർത്തകൾ പ്രാധാന്യത്തോടെ നൽകരുതെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം ആത്മഹത്യയാണെന്ന തരത്തിൽ വാർത്തകൾ നൽകരുതെന്നും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിർദേശിക്കുന്നു.

മെന്റൽ ഹെൽത്ത് കെയർ ആക്ട് 2017 കൃത്യമായി പാലിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പുറത്തു വിട്ട സർക്കുലറിൽ പറയുന്നു. മാനസികാരോഗ്യത്തിന് ചികിത്സ നേടുന്നയാളുടെ ചിത്രം അയാളുടെ സമ്മതത്തോടെയല്ലാതെ ഒരുകാരണവശാലും പ്രസിദ്ധീകരിക്കരുതെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച പ്രധാന മാർഗനിർദേശങ്ങൾ

1. ആത്മഹത്യ വാർത്തകൾക്ക് അമിത പ്രധാന്യമോ, അവ ആവർത്തിച്ച് ഉപയോഗിക്കാനോ പാടില്ല

2. ആത്മഹത്യ എല്ലാ പ്രശ്‌നത്തിന് പരിഹാരമാണെന്നോ, അതിൽ താൽപ്പര്യമുണ്ടാക്കുന്ന രീതിയിലോ വാർത്ത നൽകരുത്.

3. ആത്മഹത്യ രീതികൾ വിശദമാക്കി വാർത്ത നൽകരുത്

4. ആശ്ചര്യമുണ്ടാക്കുന്ന തലക്കെട്ടുകൾ ആത്മഹത്യ വാർത്തയ്ക്ക് നൽകരുത്

5. ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയ ലിങ്കുകളോ ആത്മഹത്യ വാർത്തകളിൽ ഉപയോഗിക്കരുത്.

6. മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന വ്യക്തിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ അയാളുടെ അനുവാദം വാങ്ങണം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top