ബിജെപി എംപിയുടെ വാഹനവ്യൂഹം കടന്നുപോകാൻ ആംബുലൻസ് തടഞ്ഞു നിർത്തി ഡെൽഹി പൊലീസ് ? പ്രചരിക്കുന്ന വാർത്ത വ്യാജം [24 Fact Check]

ബിജെപി എംപി മനോജ് തിവാരിയുടെ അകമ്പടി വാഹനങ്ങൾ കടന്നുപോകാൻ കുഞ്ഞുമായി പോകുകയായിരുന്ന ആംബുലൻസ് പൊലീസ് തടഞ്ഞുനിർത്തിയെന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പൊതുജനങ്ങളുടെ ജീവന് പുല്ലുവില പോലും കൽപ്പിക്കാത്ത ഈ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി നിരവധി പേരാണ് വീഡിയോ പങ്കുവെച്ചത്. എന്നാൽ മനോജ് തിവാരിയുടെ അകമ്പടി വാഹനത്തിന് വേണ്ടിയായിരുന്നോ ഈ ഗതാഗത നിയന്ത്രണം ?

ആം ആദ്മി സിന്ദാബാദ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ അവകാശവാദവുമായി വീഡിയോ ആദ്യം പ്രത്യക്ഷപ്പെടുന്നത്. 2,300 ലേറെ തവണയാണ് വീഡിയോ ഈ പേജിൽ നിന്ന് ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.

പിന്നീട് ഗൗരവ് ഐഎൻസി എന്ന പേജിലും ഇതേ തലക്കെട്ടോടെ വീഡിയോ പ്രത്യക്ഷപ്പെട്ടു. 2000 ലേറെ ലൈക്കുകളും, 1300 ൽ ഏറെ തവണ റീട്വീറ്റും ചെയ്യപ്പെട്ട ഈ വീഡിയോ എന്നാൽ അക്കൗണ്ടിൽ നിന്നും നിലവിൽ നീക്കം ചെയ്തിട്ടുണ്ട്.

ഈ ദൃശ്യങ്ങൾ 2017 ലെയാണ്. എന്നാൽ ബിജെപി എംപി മനോജ് തിവാരിക്ക് വേണ്ടിയായിരുന്നില്ല ഈ ഗതാഗത നിയന്ത്രണം എന്നതാണ് യഥാർത്ഥ്യം. മറിച്ച് ഇന്ത്യ സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രിക്ക് വേണ്ടിയായിരുന്നു. ഡൽഹിയിലെ രാജ്ഘട്ട് മേൽപ്പാലത്തിലായിരുന്നു ഗതാഗത നിയന്ത്രണം. അന്ന് രാജ്യത്തെത്തിയ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്കിന്റെ വാഹനവ്യൂഹം കടന്നുപോകാനായിരുന്നു ആംബുലൻസ് അടക്കം തടഞ്ഞു നിർത്തിയത്.

പ്രീത് നെരുല എന്ന ബാങ്ക് ഉദ്യോഗസ്ഥനാണ് ഈ ദൃശ്യങ്ങൾ അന്ന് പകർത്തിയത്. സോണിപത്തിൽ നിന്നും ഡൽഹിയിലെ ഒരു ആശുപത്രിയിലേക്ക് മുറിവേറ്റ കുഞ്ഞിനെയും കൊണ്ട് പോകുകയായിരുന്ന ആംബുലൻസിനെയാണ് അന്ന് പൊലീസ് തടഞ്ഞു നിർത്തിയത്.

2017 ലെ ഈ വീഡിയോ ഇന്നും പല പേരിലും പ്രചരിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം കടന്നുപോകാൻ ആംബുലൻസ് തടഞ്ഞുനിർത്തിയെന്ന രീതിയലും പ്രചരണങ്ങൾ വരുന്നുണ്ട്. രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജ വാർത്തകൾ പങ്കുവെക്കാതിരിക്കുക.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More