മോദിക്ക് സമ്മാനമായി മുതലയും പെരുമ്പാമ്പുകളും; പാക് ഗായികയ്‌ക്കെതിരെ നിയമനടപടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനമായി വന്യജീവികളെ നൽകുമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാൻ ഗായികയ്‌ക്കെതിരെ നിയമനടപടി. പാക് ഗായിക റാബി പിർസാദയ്‌ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്. അനധികൃതമായി വന്യജീവികളെ കൈവശംവച്ചതിന് പഞ്ചാബ് മൃഗസംരക്ഷണ വിഭാഗമാണ് നടപടിക്കൊരുങ്ങുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ നടപടിയാണ് റാബിയെ ചൊടിപ്പിച്ചത്. താൻ കശ്മീരി യുവതിയാണെന്നും കശ്മീരികൾക്ക് മോദി വേണ്ട പരിഗണന നൽകിയില്ലെന്നും റാബി ആരോപിക്കുന്നു. പാമ്പുകളെ കൈയിൽ പിടിച്ചുകൊണ്ട് ഇവ മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണെന്നും ഇവയുടെ ആഹാരമാകാൻ തയ്യാറാകൂ എന്നും റാബി പറഞ്ഞു. റാബിക്ക് ചുറ്റും നാല് പെരുമ്പാമ്പുകളും മുതലയുമുണ്ടായിരുന്നു.
ലാഹോറിലെ ബ്യൂട്ടി പാർലറിൽ റാബി വളർത്തുന്നതാണ് പെരുമ്പാമ്പുകളും മുതലകളും ഉൾപ്പെടെയുള്ള ജീവികൾ. ഇവയെ ഉപയോഗിച്ചായിരുന്നു ഭീഷണി. സോഷ്യൽ മീഡിയയിൽ റാബി പങ്കുവച്ച വീഡിയോ സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്തതോടെയാണ് യുവതിക്കെതിരെ പഞ്ചാബ് മൃഗസംരക്ഷണ വിഭാഗം നടപടിക്കൊരുങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here