കൊല്ലം, ആലപ്പുഴ ബൈപ്പാസുകളില്‍ ടോള്‍ പിരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സംസ്ഥാനം തള്ളി

പുതിയതായി നിര്‍മിച്ച രണ്ടു ബൈപ്പാസുകളില്‍ ടോള്‍ പിരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. കൊല്ലം, ആലപ്പുഴ ബൈപ്പാസുകളില്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്താനാണു കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചത്. എന്നാല്‍ നിര്‍മ്മാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിച്ചതിനാല്‍ ആവശ്യം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരാകരിച്ചത്. യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

നൂറു കോടിക്ക് മുകളില്‍ നിര്‍മ്മാണ ചെലവ് വരുന്ന റോഡുകള്‍ക്ക് ടോള്‍ പിരിക്കാമെന്നാണ് കേന്ദ്ര നയം. ഇത് ചൂണ്ടിക്കാട്ടിയാണ് 372 കോടി ചെലവില്‍ നിര്‍മിച്ച
കൊല്ലം, ആലപ്പുഴ ബൈപ്പാസുകളില്‍ ടോള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതിനായി സംസ്ഥാനത്തിനു കത്തയക്കുകയും ചെയ്തു.

എന്നാല്‍, കേന്ദ്ര വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം ഈ ആവശ്യം തള്ളി. ഓരോ ബൈപ്പാസിനും 176 കോടി വീതമാണ് ചെലവായത്. ഇതില്‍ പകുതി തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതാണ്. ഒരു ബൈപ്പാസ് നിര്‍മാണത്തിന് കേന്ദ്രത്തിനു ചെലവായത് 88 കോടി മാത്രമാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ ആവശ്യം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ആവശ്യം തള്ളിയത്.

യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയതിനു ജനങ്ങളില്‍ നിന്നും പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. നാട്ടുകാരില്‍ നിന്നും എല്ലാ നികുതിയും വാങ്ങിയശേഷം ടോള്‍ പിരിക്കുന്നത് ഭരണഘടനാ ലംഘനമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top