“ഉത്തരവാദിത്തം കാണിച്ചില്ലെങ്കിൽ മറ്റുള്ളവരെ പരീക്ഷിക്കേണ്ടി വരും”; ഋഷഭ് പന്തിന് മുന്നറിയിപ്പുമായി ഇന്ത്യൻ നായകനും പരിശീലകനും

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനു മുന്നറിയിപ്പുമായി നായകൻ വിരാട് കോലിയും പരിശീലകൻ രവി ശാസ്ത്രിയും. ഉത്തരവാദിത്തം കാണിച്ചില്ലെങ്കിൽ ടീമിനു പുറത്ത് പോകുമെന്നും സാഹചര്യം അനുസരിച്ച് കളിക്കാൻ പന്ത് തയ്യാറാവണമെന്നും ഇരുവരും പറഞ്ഞു. സ്റ്റാർ സ്പോർട്സിനു നൽകിയ അഭിമുഖത്തിലാണ് ഇരുവരും പന്തിൻ്റെ ഭാവിയെപ്പറ്റി തുറന്നു പറഞ്ഞത്.

വിൻഡീസിനെതിരെ നടന്ന ഏകദിന മത്സരങ്ങളിലെ ഋഷഭ് പന്തിൻ്റെ അലസ സമീപനമാണ് ഇരുവരെയും ചൊടിപ്പിച്ചത്. മൂന്നാം മത്സരത്തിൽ നേരിട്ട ആദ്യ പന്ത് തന്നെ ക്രീസ് വിട്ടിറങ്ങി കൂറ്റൻ ഷോട്ടിനു ശ്രമിച്ച പന്തിനെ വിക്കറ്റ് കീപ്പർ സ്റ്റമ്പ് ചെയ്തു പുറത്താക്കിയിരുന്നു. പലപ്പോഴും ഇത്തരത്തിലുള്ള ഉത്തരവാദിത്തമില്ലായ്മ പന്ത് കാണിക്കുന്നുണ്ടെന്നും അത് പലവട്ടം പറഞ്ഞ് കൊടുത്തിട്ടുണ്ടെന്നും ശാസ്ത്രി വെളിപ്പെടുത്തി.

“കഴിവുണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ. നിങ്ങളെ സ്വയം നിരാശപ്പെടുത്തുന്നു എന്നതിനപ്പുറം നിങ്ങളുടെ ടീമിനെ കൈവിടുന്നത് ശരിയായ നടപടിയല്ല. ശ്രദ്ധാപൂർവം കളിക്കേണ്ട സമയത്ത് അലസതയോടെ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് അംഗീകരിക്കാവുന്നതല്ല. പക്ഷേ, ഈ രീതി മാറ്റിയാൽ അയാളെ ആർക്കും തടയാൻ കഴിയില്ല”- ശാസ്ത്രി പറഞ്ഞു.

പന്തിനെ വിമർശിച്ച് കോലിയും രംഗത്തെത്തി. ഇങ്ങനെയാണ് പന്ത് തുടരുന്നതെങ്കിൽ മറ്റുള്ളവരെ പരീക്ഷിക്കേണ്ടി വരുമെന്നും ഒരുപാട് യുവതാരങ്ങൾ അവസരത്തിനായി കാത്തിരിക്കുകയാണെന്നും കോലി പറഞ്ഞു.

“കഴിവിൽ സംശയമില്ല. പക്ഷേ, സാഹചര്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് കളിക്കുക എന്നതാണ് പ്രധാനം. എന്നെപ്പോലൊരാൾ സിംഗിളും ഡബിളുമെടുത്ത് സേഫ് ക്രിക്കറ്റ് കളിക്കുന്ന അവസരത്തിൽ ഋഷഭ് പന്ത് അഞ്ച് ബൗണ്ടറികൾ അടിച്ചേക്കാം. ഓരോരുത്തരുടെയും കളിരീതി വ്യത്യസ്തമാണ്, അത് മാറ്റേണ്ടതില്ല. പക്ഷേ, സാഹചര്യങ്ങൾ മനസ്സിലാക്കണം”- വിരാട് കോലി പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top