സൗദിയിൽ സ്‌കൂൾ ബസുകളിൽ ഇനി വനിതാ ഡ്രൈവർമാരും

സൗദിയിൽ സ്‌കൂൾ ബസുകളിൽ ഇനി വനിതാ ഡ്രൈവർമാരും. നിബന്ധനകൾക്ക് വിധേയമായി വനിതകളെ നിയമിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഡ്രൈവർ സീറ്റിൽ സൗദി വനിതകൾ സജീവമായതോടെയാണ് സ്‌കൂൾ ബസുകൾ ഓടിക്കാനും വനിതകളെ തേടുന്നത്. ഈ മേഖലയിലേക്ക് സൗദി വനിതകളെ റിക്രൂട്ട് ചെയ്യുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം വക്താവ് ഇബ്തിസാം ഷെഹ്രി അറിയിച്ചു. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമൊരുക്കുന്നതിന് തത്വീർ കമ്പനി മന്ത്രാലയവുമായി കഴിഞ്ഞ ദിവസം കരാർ ഒപ്പു വച്ചിരുന്നു. ഇതിൽ ബസുകൾ ഓടിക്കാൻ പുരുഷന്മാർ തന്നെ വേണമെന്ന് പറയുന്നില്ല. മതിയായ യോഗ്യതയുള്ള വനിതാ ഡ്രൈവർമാർക്ക് അവസരം നൽകുമെന്ന് തത്വീർ അറിയിച്ചു.

വനിതാ ഡ്രൈവറുടെ പ്രായം 30നും 60നും ഇടയ്ക്കായിരിക്കണം, പബ്ലിക് ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം, ക്രിമിനൽ പശ്ചാത്തലമില്ല എന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ടായിരിക്കണം, മെഡിക്കൽ പരിശോധന പാസാകണം, സ്‌കൂൾ ബസുകൾ സുരക്ഷിതമായി ഓടിക്കാനുള്ള പ്രത്യേക പരിശീലനം നേടണം തുടങ്ങി നിരവധി നിബന്ധനകൾക്കു വിധേയമായായിരിക്കും വനിതകളെ സ്‌കൂൾ ബസുകളിൽ ഡ്രൈവർമാരായി നിയമിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top