മലപ്പുറം ആൾക്കൂട്ട ആക്രമണം; കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി
മലപ്പുറം ഒമാനൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന വ്യാജ ആരോപണത്തെ തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അബ്ദുൽകരീം. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. സമാനസ്വഭാവമുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുതിർന്നവർ ജാഗ്രത പാലിക്കണമെന്നും എസ്പി പറഞ്ഞു.
കഴിഞ്ഞദിവസം വാഴക്കാട് ഒമാനൂരിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കണ്ടാലറിയാവുന്ന നാൽപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ മൂന്ന് പ്രതികൾ റിമാന്റിലാണ്. സംഭവത്തിൽ അഞ്ചു പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം ഡിവൈഎസ്പി പിപി ഷംസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കൂടുതൽ പേരെ ഉടൻ പിടികൂടുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
വ്യാജ ആരോപണമുന്നയിച്ച കുട്ടിക്കെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പരാതി നൽകിയ മർദനമേറ്റ യുവാക്കളുടെ രക്ഷിതാക്കൾക്ക് ഉറപ്പ് നൽകിയിതായും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനായി
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതും പൊലീസ് പകർത്തിയതുമായ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here