മെസിയെക്കാൾ ബാലൻ ഡി ഓർ പുരസ്കാരത്തിനർഹൻ താനാണെന്ന് ക്രിസ്ത്യാനോ റൊണാൾഡോ

ബാലൻ ഡി ഓർ പുരസ്കാരത്തിന് മെസിയെക്കാൾ അർഹൻ താനാണെന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം പിയേഴ്സ് മോർഗനുമായി നടന്ന അഭിമുഖത്തിലാണ് ക്രിസ്ത്യാനോ ഇപ്രകാരം അവകാശപ്പെട്ടത്.

മെസിയാക്കാൾ അധികം ബാലൺ ദി ഓർ പുരസ്കാരങ്ങൾ താൻ അർഹിക്കുന്നുണ്ടെന്നായിരുന്നു ക്രിസ്ത്യാനോ വെളിപ്പെടുത്തിയത്. ‘മെസി ഫുട്ബോളിന്റെ ചരിത്രം തന്നെയാണ്, എന്നാൽ മെസിയക്കാൾ അധികം ബാലൺ ദി ഓർ, ഒരു പക്ഷെ ആറ്, ഏഴ് അല്ലെങ്കിൽ എട്ട് പുരസ്കാരങ്ങൾ എനിക്ക് വേണം. ഞാനത് ആ​ഗ്രഹിക്കുന്നു. അത് അർഹിക്കുന്നു’- റൊണാൾഡോ പറഞ്ഞു.

2008 മുതൽ തുടർച്ചയായി പത്ത് വർഷം റൊണാൾഡോയും മെസിയുമാണ് ബാലൺ ഡി ഓർ പങ്കുവെച്ചത്. ഇരുവർക്കും അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ വീതമുണ്ട്. കഴിഞ്ഞ വർഷമാണ് ഇരുവരേയും പിന്നിലാക്കി ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച് ബാലൺ ഡി ഓറിൽ മുത്തമിട്ടു. ഈ വർഷം ലിവർപൂളിൻ്റെ ഡച്ച് ഡിഫൻഡർ വിർജിൽ വാൻ ഡൈക്കിനാണ് കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്.

മോർഗനുമായുള്ള അഭിമുഖത്തിനിടെ അച്ഛൻ്റെ ഓർമ്മകളിൽ പൊട്ടിക്കരഞ്ഞ ക്രിസ്ത്യാനോയുടെ വീഡിയോ വൈറലായിരുന്നു. അഭിമുഖത്തിനിടയ്ക്ക് മകനെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന പിതാവിന്റെ വീഡിയോ കാണിച്ചപ്പോളാണ് റൊണാള്‍ഡോ പൊട്ടിക്കരഞ്ഞത്. “ഈ വീഡിയോ താന്‍ ആദ്യമായാണ് കാണുന്നത്. വീട്ടില്‍ മറ്റാരും ഇതു കണ്ടിട്ടുണ്ടെന്നു തോന്നുന്നില്ല. ഞാൻ പുരസ്കാരങ്ങൾ വാങ്ങുന്നതു മറ്റും അദ്ദേഹം കണ്ടിട്ടില്ല. എൻ്റെ അമ്മയും സഹോദരനും ഭാര്യയും മക്കളുമെല്ലാം ഞാൻ കളിക്കുന്നതും ഇങ്ങനെ വളർന്നതും കണ്ടിട്ടുണ്ട്. പക്ഷേ, ചെറുപ്പത്തിൽ മരണപ്പെട്ടതു കൊണ്ട് അദ്ദേഹം (അച്ഛൻ) ഇതൊന്നും കണ്ടിട്ടില്ല.”- ക്രിസ്ത്യാനോ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top