മരട് ഫ്‌ളാറ്റ് വിഷയം; ചീഫ് സെക്രട്ടറി ഇന്ന് സുപ്രിംകോടതിയിൽ നേരിട്ട് ഹാജരാകും

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കെ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് ഡൽഹിയിൽ എത്തും. ചീഫ് സെക്രട്ടറിയോട് 23ന് നേരിട്ട് ഹാജരാകണമെന്ന് സുപ്രിംകോടതി നിർദ്ദേശിച്ചിരുന്നു. മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കിയിലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹിയിൽ സുപ്രിംകോടതി അഭിഭാഷകരുമായി ചീഫ് സെക്രട്ടറി ഇന്ന് കൂടികാഴ്ച നടത്തും.

കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള നടപടി തുടങ്ങിയതായും ഫ്‌ളാറ്റ് പൊളിക്കാനുള്ള ടെൻഡർ വിളിച്ചതായും കാണിച്ച് സുപ്രിം കോടതിയിൽ റിപ്പോർട്ട് നൽകാനാണ് നീക്കം. പാരിസ്ഥിതിക ആഘാതം കൂടാതെ കെട്ടിടം പൊളിച്ചു നീക്കാൻ സാവകാശം വേണമെന്നും കോടതിയിൽ ആവശ്യപ്പെടും.

അതേസമയം ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നൽകിയ നോട്ടിസിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഉടമകൾ തമ്മിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായി റിപ്പോർട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top